പറവൂര്‍: പ്രളയം മൂലമുണ്ടായ നഷ്ടങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി ലോക ബാങ്ക് പ്രതിനിധികള്‍ ചേന്ദമംഗലം സന്ദര്‍ശിച്ചു. കരിമ്പാടം കൈത്തറി സൊസൈറ്റി, ചേന്ദമംഗലം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. കൈത്തറി സൊസൈറ്റയില്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ടി.ജി അനൂപും കാര്യങ്ങള്‍ സംഘത്തിന് വിശദീകരിച്ചു. 9000 വീടുകളുള്ള പഞ്ചായത്തില്‍ 160 വീടുകളൊഴിച്ച് ബാക്കിയെല്ലാം പ്രളയബാധിതമാണ്. കൈത്തറി, കൃഷി, ചെറുകിട വ്യവസായങ്ങള്‍, പാലുത്പാദനം എന്നിവയാണ് ചേന്ദമംഗലം നിവാസികളുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇവയെല്ലാം പ്രളയത്തോടെ നഷ്ടമായി.
ലോകബാങ്ക് ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പഞ്ചായത്തില്‍ എത്തിയവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബംഗ്ലാദേശ് സ്വദേശി ആയതിനാല്‍ പ്രളയം എന്നത് സ്ഥിരം അനുഭവമാണ്. കേരളത്തിലെ സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിട്ടത് അഭിനന്ദനാര്‍ഹമാണ്. അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ച ചെയ്ത കാര്യമാണത്. ലോക ബാങ്കില്‍ പഞ്ചായത്തുകളെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ ലഭ്യമാണ്. ഇനിയും കേരളത്തിന് സഹായം നല്‍കുന്നതിന് വേണ്ട കാര്യങ്ങള്‍ പരിഗണിക്കുന്നതാണ്. സര്‍ക്കാരിന്റേയും പഞ്ചായത്തുകളുടേയും ജനങ്ങളുടേയും ഒപ്പം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട ധനസഹായ വിതരണത്തില്‍ കുടുംബശ്രീയെ പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൃഗ സംരക്ഷണം, കൃഷി, കൈത്തറി, വ്യവസായം, കച്ചവടം എന്നീ മേഖലയിലെ ആളുകളുമായി ലോകബാങ്ക് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ലീഡ് എക്കണോമിസ്റ്റ് ദിലീപ് രത്ത, ലീഡ് അര്‍ബന്‍ സ്‌പെഷ്യലിസ്റ്റ് ബാലകൃഷ്ണ മേനോന്‍, ജര്‍മന്‍ ഡവലപ്‌മെന്റ് ബാങ്ക് പ്രതിനിധി ക്രിസ്റ്റിന്‍ എന്നിവരാണ് നാട്ടുകാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാ ദേവി, ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ എസ്. ഷാജഹാന്‍, പറവൂര്‍ തഹസില്‍ദാര്‍ ജി.എച്ച് ഹരീഷ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി അനൂപ്, വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.