മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന ഇടുക്കിനവകേരള സദസിലേക്ക് ജനങ്ങളുടെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.
ജില്ലയിലെ പര്യടനത്തിന് രണ്ടാം ദിനത്തിലെ മൂന്നാം മണ്ഡലമായ ദേവികുളത്തെ സദസിനു അടിമാലി വിശ്വദീപ്‌തി സ്കൂളാണ് വേദിയായത്. ജനഹിതം അറിയാൻ ജനങ്ങളിലേക്ക് ഇറങ്ങി വരുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേൽക്കാനും നിവേദനങ്ങൾ നൽകാനുമായി വേദിയിലേക്കുള്ള വഴികളിലെല്ലാം വൻ ജനവലിയായിരുന്നു.
നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമാണ് നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്
പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കാത്ത രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും നിവേദനം സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
ജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമായിരുന്നു. മികച്ച രീതിയിലുള്ള സംഘടക സമിതിയുടെ പ്രവർത്തനങ്ങളായിരുന്നു മണ്ഡലത്തിലെ സദസിന്റെ വിജയവും. സദസിന്റെ ഭാഗമായി അതുൽ നറുകരയുടെയുൾപ്പടെയുള്ള വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.