ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കേരളം എങ്ങനെയാവണമെന്ന കാഴ്ചപ്പാടാണ് സംസ്ഥാനസർക്കാർ നവകേരള സദസിലൂടെ മുന്നോട്ട് വക്കുന്നതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ വേദിയിൽ നടന്ന ദേവികുളം മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ മലയാളിക്കും അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങൾ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ സ്വന്തമാക്കിക്കൊണ്ടാണ് ഇന്ന് കേരളം മുന്നോട്ട് കുതിക്കുന്നത്.

വികസന, സാമൂഹിക രംഗത്ത് സംസ്ഥാനം ലോകത്തിന് മാതൃകയാണ്. രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി സംസ്ഥാനത്തിന്റെ പുരോഗതി കാംക്ഷിക്കുന്ന ജനങ്ങൾ മുന്നോട്ട് വച്ച അഭിപ്രായങ്ങളും നിർദേശങ്ങളും നിവേദനങ്ങളും സ്വീകരിച്ചാണ് ഈ ജാഥ മുന്നോട്ട് നീങ്ങുന്നത്. കൂടുതൽ മാതൃകകൾ സൃഷ്ടിച്ച് കൊണ്ട് കേരളത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രഭാതയോഗത്തിൽ പങ്കെടുക്കുന്ന സമൂഹത്തിന്റെ നാനാതുറയിൽ പെട്ട ആളുകൾ ഇന്ന് കേരളം നേരിടുന്ന പ്രധാനപ്രശ്നങ്ങളെപ്പറ്റിയും അവയെ നേരിടുന്നതിനുള്ള നിർദേശങ്ങളും മന്ത്രിസഭക്ക് മുൻപാകെ, അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ തുറന്ന് കാട്ടുന്നുണ്ട്. അവ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടുകൊണ്ട്, ഭാവിയിൽ നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റിയുള്ള കൃത്യമായ ആസൂത്രണമാണ് പ്രധാനമായും നവകേരള സദസ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊട്ടിഘോഷങ്ങളില്ലാതെ, ജനങ്ങളെ വരിനിർത്താതെ ഓൺലൈനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഏഴ് വര്ഷം കൊണ്ട് വിതരണം ചെയ്തത് 7633 കോടി രൂപയാണ്. 57,634 കോടി രൂപ സാമൂഹിക പെൻഷൻ ഇനത്തിൽ വിതരണം ചെയ്‌തു. ലാഭത്തിലായ ഇരുപതോളം പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ വിറ്റുതുലച്ചപ്പോൾ, സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 26 പൊതുമേഖലാ സ്ഥാപനങ്ങൾ വിജയമായ കഥയാണ് കേരളത്തിന് പറയാനുള്ളത്. 17.8% വർദ്ധനവിൽ, 3892.13 കോടി രൂപയുടെ വിറ്റുവരവോടെ 386.05 കോടിയുടെ ലാഭമുണ്ടാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. ദേവികുളം മണ്ഡലത്തിലും വികസനത്തിൽ ഏറെ മുന്നിലെത്തിക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ബിഎസ്എൻലിന്റെ സഹായത്തോടെ ഇടമലക്കുടിയിൽ ഇന്റർനെറ്റ് സൗകര്യം എത്തിക്കാൻ കഴിഞ്ഞു. കുടിവെള്ളമെത്തിക്കുന്നതിന് 30.75 കോടി രൂപ അനുവദിച്ചു. ഭക്ഷ്യ സാധനങ്ങൾ ഗോഡൗൺ നിർമിക്കാൻ പട്ടികവർഗ വികസന വകുപ്പിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചു. എൽപി സ്കൂൾ യുപി സ്കൂളായി ഉയർത്തി. 4,77,66,000 രൂപ വിനിയോഗിച്ചുകൊണ്ട് ഇടമലകുടിയിൽ വൈദ്യുതിയെത്തിച്ചു. ദേവികുളം മണ്ഡലത്തിന്റെ വികസനത്തിൽ സമൂലമായ മുന്നേറ്റം ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി സദസിൽ വ്യക്തമാക്കി.