കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനക്കുറവ് സംഭവിച്ചാല്‍ മുഴുവന്‍ കര്‍ഷകര്‍ക്കും സഹായം ലഭിക്കും വിധം വിള ഇന്‍ഷുറസില്‍ മാറ്റം വരുത്തുമെന്ന് കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ദേവികുളം മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകരെ ചേര്‍ത്തു നിറുത്തുന്ന സര്‍ക്കാരാണിത്.

പട്ടയമില്ലാത്ത ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ദീര്‍ഘകാല വിളകള്‍ക്കും ഇന്‍ഷുറസ് ആനുകൂല്യം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഒരു മാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ നടപടിയെടുക്കും. വന്യമൃഗശല്യം മൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനം വകുപ്പിനോടൊപ്പം കൃഷി വകുപ്പും ശ്രമിക്കും. ഇതിനായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചതുകയില്‍ വലിയ പങ്കും ഇടുക്കിയിലാണ് ചെലവഴിക്കുകയെന്നും മന്ത്രി പറഞ്ഞു.

കശ്മീരിലെ കുങ്കുമപ്പൂവ് വരെ കൃഷിചെയ്യുന്ന ദേവികുളത്തെ കര്‍ഷകര്‍ സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. മൂന്നാറിലെ സ്‌ട്രോബറി സംസ്‌കരണ യൂണിറ്റ് 39 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. കാന്തല്ലൂരിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ആറുകോടി 26 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സ് ജനാധിപത്യത്തിലെ പുത്തന്‍ മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനം എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം ജനാധിപത്യത്തിന് പുത്തന്‍ മാതൃക സൃഷ്ടിച്ച പരിപാടിയാണ് നവകേരള സദസ്സ്. ഒട്ടേറെ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നാടാണ് നമ്മുടേത്. ജനതയുടെ ഇച്ഛ പ്രതിഫലിപ്പിക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളത്.

സാധാരണക്കാര്‍ക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് നേരിട്ട് സംവദിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അതിന് മറുപടി ലഭിക്കാനും അവസരമൊരുക്കുന്ന നവകേരള സദസ്സ് ജനാധിപത്യത്തിന് തന്നെ പുത്തന്‍ മാതൃകയാണ്. സാധാരണക്കാരന്റെ മുഖവും മനസ്സും പ്രതിഫലിപ്പിക്കുന്ന സര്‍ക്കാറാണിവിടെയുള്ളതെന്നും മന്ത്രി പറഞ്ഞു.

ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത, എല്ലാവര്‍ക്കും കുടിവെള്ളവും വൈദ്യുതിയും ചികില്‍സയും വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന, സമാധാനത്തോടെ ജീവിക്കാനാവുന്ന മതനിരപേക്ഷ കേരളമാണ് നവകേരളത്തിലൂടെ വിഭാവന ചെയ്യുന്നത്. ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ച ആദ്യ അജണ്ട ദരിദ്രരില്ലാത്ത കേരളം എന്നതായിരുന്നു. സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിലുണ്ടായിരുന്നത്. 2025 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിപ്രകാരം 47.8 ശതമാനം കുടുംബങ്ങളെ ഇതിനകം തന്നെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.