വൈക്കം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഈ സർക്കാർ ഭരണം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സ്മാർട്ട് ആകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. വടക്കേ മുറി, തലയാഴം, കുലശേഖരം, വെച്ചൂർ എന്നിവിടങ്ങളിലെ നാല് വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. കേരളത്തിലെ ഡിജിറ്റൽ റീസർവേ ഏഴ് മാസം കൊണ്ട് 1,77,000 ഹെക്ടർ പൂർത്തിയാക്കി.
വൈക്കം നിയോജകമണ്ഡലത്തിൽ ഒൻപതു വില്ലേജുകളിലായി ഏഴ് മാസം കൊണ്ട് 5790 ഹെക്ടർഭൂമി അളന്നുതിട്ടപ്പെടുത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ രാജീവ് ദശലക്ഷം കോളനിയിലെ താമസക്കാരായ മുഴുവൻ ആളുകൾക്കും പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. വൈക്കം നിയോജകമണ്ഡലത്തിലെ അക്കരപ്പാടം പാലം 70 ശതമാനം പൂർത്തിയായി.
19.22 കോടി രൂപയിൽ നിർമ്മിക്കുന്ന മൂലേകടവ് പാലത്തിന്റെ പൈലിങ് പുരോഗമിക്കുന്നു. അഞ്ചുമന പാലം, വൈക്കം വെച്ചൂർ റോഡ്, കാട്ടിക്കുന്ന് പാലം, താലൂക്ക് ആശുപത്രി എന്നിവയെല്ലാം വൈക്കം നിയോജകമണ്ഡലത്തിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.