ആലപ്പുഴ: ഭരണപ്രതിപക്ഷ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സമഗ്ര വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. കുട്ടനാട് മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത വികസന കുത്തിപ്പിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. മലയോര പാത വികസനം, ദേശീയ പാത , തീരദേശ പാത എന്നിവയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ അത്ഭുതകരമായ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാവുക. കേരളത്തിന്റെ വികസനത്തിൽ വലിയ പ്രാധാന്യമാണ് കിഫ്‌ബി വഹിക്കുന്നത്. കുട്ടനാട്ടിലും വൻ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. എസി റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിച്ചു. കുട്ടനാട് കുടിവെള്ള പാക്കേജ് നടപടി പുരോഗമിക്കുകയാണ്. പ്രളയത്തിൽ തകർന്ന കുട്ടനാടിന് പുനർജീവൻ നൽകാൻ സർക്കാരിന് കഴിഞ്ഞു.
കേന്ദ്ര സർക്കാരിൽ നിന്നും അതി കഠിനമായ വിവേചനം നേരിടുമ്പോഴും അത്ഭുതകരമായ മാറ്റമാണ് സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത്. 57400 കോടി വെട്ടി കുറച്ചു കൊണ്ട് കേന്ദ്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളി വിട്ടത്. കേരളം കേന്ദ്രത്തിന്റെ ഔദാര്യമല്ല ആവശ്യപ്പെടുന്നത് . മറിച്ച് നമ്മുടെ അവകാശമാണ്. അർഹമായ തുക വെട്ടികുറയ്ക്കുന്നതാണ് ചോദ്യം ചെയ്തത്. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് നടന്നു വരുന്നത്. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനാപരമായ അവകാശത്തിന്റെ സംരക്ഷണത്തിനാണ് തുടക്കം കുറിക്കുന്നത്.
വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ള സംസ്ഥാനങ്ങളെ അന്വേഷണ ഏജൻസികളെ വിട്ട് ശ്വാസം മുട്ടിക്കുക അല്ലെങ്കിൽ ഗവർന്മെന്റിനെ അട്ടിമറിക്കുക എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിനെതിരെ കേരള ജനതയെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുന്നത്. നവ കേരള സ്വദസ്സ് കേരളത്തിന്റെ വികസനത്തിന് പുതിയ മാനം നൽകുകയാണെന്നും മന്ത്രി പറഞ്ഞു.