പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുട്ടനാടിന്റെ മണ്ണിലേയ്ക്ക് ജനകീയ സർക്കാരിന് ആവേശോജ്ജ്വല സ്വീകരണം. നെടുമുടി പാലത്തിന്റെ ഇരുവശത്തും തടിച്ചു കൂടിയ ജനസാഗരങ്ങൾക്ക് നടുവിലൂടെ, കാരിരുമ്പിന്റെ കരുത്തുള്ള കുട്ടനാടൻ ജനത മുദ്ര്യാവാക്യ വിളികളോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിമാരേയും വേദിയിലേക്ക് ആനയിച്ചത്. സർക്കാരിന്റെ ക്ഷേമപദ്ധതികളും പ്രവർത്തനങ്ങളും ജനങ്ങൾ എത്രത്തോളം സ്വീകരിച്ചു എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു ഈ സ്വീകരണം.
നെടുമുടി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തെ വേദിയുടെ പരിസരങ്ങൾ വിവിധ വർണങ്ങളിലുള്ള തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ഉച്ചമുതൽ തന്നെ ജനങ്ങൾ സദസ്സിന്റെ വേദിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ സംഘമായാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായെത്തിയത്.
മന്ത്രിമാരായ ജി. ആർ അനിൽ, റോഷി അഗസ്റ്റിൻ, എം.ബി രാജേഷ്, പി. രാജീവ്, ജെ. ചിഞ്ചു റാണി, അഹമ്മദ് ദേവർകോവിൽ എന്നിവരടങ്ങിയ മന്ത്രിമാരുടെ സംഘമാണ് നെടുമുടിയിലേക്ക് ആദ്യം എത്തിയത്. അതിന് ശേഷം മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും എത്തി. വിവിധ പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാംഗങ്ങൾ മൈതാനം വൃത്തിയാക്കുന്നതിനും ലഘു ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനും മുഴുവൻ സമയവും സജ്ജമായിരുന്നു .