സുതാര്യമായാണ് സർക്കാരിൻറെ പ്രവർത്തനങ്ങൾ എന്നും അതിനാൽ തന്നെ സ്വന്തം കുറ്റങ്ങളും കുറവുകളും ഏറ്റു പറയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ചെങ്ങന്നൂർ മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷവും പ്രോഗ്രസ് റിപ്പോർട്ട്‌ അവതരിപ്പിക്കുന്ന രാജ്യത്തെ ഏക സർക്കാരാണ് പിണറായി സർക്കാർ. കേന്ദ്രത്തിൽ നിന്നും കേരളം നേരിടുന്ന അവഗണനയോട് സർക്കാർ നടത്തുന്ന ചരിത്ര പോരാട്ടമാണ് ജനങ്ങളോട് പറയുന്നത്. സ്ത്രീപുരുഷ ഭേദമില്ലാതെ 64 ലക്ഷം പേർക്ക് 1600 രൂപ ക്ഷേമപെക്ഷൻ നൽകുന്ന ഏക സംസ്ഥാനമാണ് കേരളം.

കേരളത്തിനു നൽകേണ്ട വിഹിതം വെട്ടിക്കുറച്ച് ദുരന്തകാലത്ത് പോലും കേരളത്തെ കേന്ദ്രസർക്കാർ വഞ്ചിക്കുകയാണ്. സർക്കാരിനെ മാത്രമല്ല മൂന്നര കോടി വരുന്ന ജനങ്ങളുടെ വികസന അഭിലാഷങ്ങൾക്കാണ് കേന്ദ്രവും അതിന്റെ കൂടെ നിന്ന് പ്രതിപക്ഷവും തുരങ്കം വെക്കുന്നത്.

കേരളത്തിൽ എല്ലാവർക്കും വീട്, എല്ലാവർക്കും ഭൂമി എന്നതാണ് സർക്കാർ ലക്ഷ്യം. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിച്ചു കൊണ്ട് മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഒരുക്കി.  പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ അസാധാരണമായ മാറ്റം കൊണ്ടു വരാൻ സർക്കാരിനു സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.