ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളും സംസ്ഥാന അഗ്‌നി സുരക്ഷാ വകുപ്പും കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന ആപ്താ മിത്ര പദ്ധതിയുടെ പരിശീലന കൈപുസ്തകം റവന്യു-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ അഗ്‌നി സുരക്ഷാ മേധാവി എ. ഹേമചന്ദ്രന്‍ കൈപുസ്തകം ഏറ്റുവാങ്ങി. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണറുമായ പി.എച്ച് കുര്യന്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു.
ആപ്താ മിത്ര പദ്ധതിയുടെയും സംസ്ഥാനത്തെ സിവില്‍ ഡിഫന്‍സ് സംവിധാന രൂപീകരണത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി അന്താരാഷ്ട്ര പ്രകൃതി ദുരന്ത ലഘൂകരണ ദിനത്തില്‍ നിര്‍വഹിച്ചിരുന്നു. അഗ്‌നി സുരക്ഷാ വകുപ്പും കോട്ടയം ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയ 200 സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടികയ്ക്ക് ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ അംഗീകാരം ലഭിച്ചിരുന്നു. ഇവര്‍ക്ക് 12 ദിവസത്തെ പരിശീലനം നല്‍കി വിവിധ ദുരന്തങ്ങള്‍ നേരിടാന്‍ പ്രാപ്തരാക്കുകയും ആവശ്യമായ അടിസ്ഥാന ദുരന്ത പ്രതികരണ ഉപകരണങ്ങള്‍ നല്‍കുകയുമാണ് ആപ്താ മിത്ര പദ്ധതിയില്‍ നടപ്പാക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിന് സംസ്ഥാന അഗ്‌നി സുരക്ഷാ വകുപ്പിന്റെ തൃശൂര്‍ പരിശീലന കേന്ദ്രത്തെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്.ദേശീയ അതോറിറ്റി ലഭ്യമാക്കിയ  കൈപുസ്തകത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.