വയനാട്ടിലെ തനതു കാർഷിക വിള വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിന് പദ്ധതി നടപ്പാക്കാൻ സർക്കാരിനു ശുപാർശ നൽകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. തിരുനെല്ലി ഇരുമ്പുപാലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന 10 കുടുംബശ്രീ വനിതകൾ നടത്തുന്ന കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം നൂറാങ്ക് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ.

നൂറാങ്ക് കൃഷി സംഘത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്. തനതു കാർഷിക വിളകൾ നാടിന്റെ അമൂല്യമായ സമ്പത്താണ്. ഇത് വരും തലമുറയ്ക്കായി സംരക്ഷിക്കപ്പെടുകയും ഇവ സംബന്ധിച്ച് പഠനങ്ങൾ നടക്കുകയും വേണം. വയനാട്ടിലെ തനത് കാർഷിക വിളകളെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിന് പദ്ധതി നടപ്പാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. തനതുവിളകളെ കുറിച്ചും കൃഷി രീതി, ലഭിക്കുന്ന സഹായങ്ങൾ, ഉപയോഗിക്കുന്ന വളങ്ങൾ, പിൻ തുടരുന്ന കാർഷിക രീതികൾ, വിപണനം, മൃഗങ്ങളുടെ ശല്യം, തുടങ്ങിയ വിവരങ്ങൾ വനിതാ കമ്മീഷൻ അംഗങ്ങൾ കൃഷി സംഘത്തിൽ നിന്നും ചോദിച്ചു മനസിലാക്കി. മനോഹരവും ശാസ്ത്രീയവുമായ രീതിയിൽ കൃഷിയിടം പരിപാലിക്കുന്നതിന് കൃഷി സംഘത്തെ കമ്മീഷൻ അംഗങ്ങൾ അഭിനന്ദിച്ചു.

വയനാട് കുടുംബശ്രീ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി പ്രകാരമാണ് നൂറാങ്ക് കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത. പ്രസിഡന്റ് സുനിത, സെക്രട്ടറി ശരണ്യ എന്നിവരുടെ നേതൃത്വത്തിൽ ശാന്ത മനോഹരൻ, ശാന്ത നാരായണൻ, റാണി, സരസു, കമല, ബിന്ദു, ശാരദ, ലക്ഷ്മി എന്നവർ ഉൾപ്പെടുന്ന 10 അംഗ സംഘമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. 75 സെന്റ് സ്ഥലത്ത് 180 തരം കിഴങ്ങുകളാണ് ഇവർ കൃഷി ചെയ്യുന്നത്. 16 ഇനം കാച്ചിൽ, 17 ഇനം മഞ്ഞൾ, എട്ട് ഇനം മധുരകിഴങ്ങ്, ആറ് ഇനം ചേമ്പ്, നാല് ഇനം ചേന, കൂവ, കൂർക്ക, ചേമ്പ്, നൂറാങ്ക് ഉൾപ്പെടെ വിവിധ ഇനം കിഴങ്ങ് വർഗങ്ങളും മുളക്, കാന്താരി, ചീര, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

കുടുംബശ്രീയുടെ വിപണന കേന്ദ്രം, വിവിധ മേളകൾ എന്നിവയ്ക്കു പുറമേ കൃഷിയിടത്തിൽ എത്തുന്നവർക്ക് നേരിട്ടും കാർഷിക വിളകൾ വിപണനം ചെയ്യുന്നുണ്ട്. പത്തംഗ സംഘത്തിലെ എല്ലാവരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ദിവസവും രണ്ടു പേർ വീതം നൂറാങ്ക് കൃഷിയിടത്തിലെ കൃഷിപ്പണികൾ ചെയ്യും. വയനാടിന്റെ തനതു വിളകളെ സംരക്ഷിക്കണമെന്ന ആഗ്രഹത്തിലാണ് പത്തംഗ സംഘം നൂറാങ്ക് എന്ന പേരിൽ സംരക്ഷണ കേന്ദ്രം ഒരുക്കിയത്. തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയ്ക്കൊപ്പം കുടുംബശ്രീ എൻആർഎൽഎം കോർഡിനേറ്റർ സായി കൃഷ്ണ, കൃഷി ഓഫീസർ ശരണ്യ എന്നിവരും നൂറാങ്ക് കൃഷി സംഘത്തിന് സഹായമേകുന്നുണ്ട്.