അവലോകന യോഗം ചേര്‍ന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ജില്ലയിലെ നവകേരള സദസില്‍ ലഭിച്ച നിവേദനങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കും. ലഭിച്ച അപേക്ഷകളുടെ പരിഹാരത്തിന് ഓരോ വകുപ്പുകളും പ്രത്യേക പരിഗണന നല്‍കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ലഭിച്ച നിവേദനങ്ങള്‍ സംബന്ധിച്ചും അവയില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനും വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ചു ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദേശം.

ജില്ലയില്‍ 10 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 40,330 നിവേദനങ്ങളാണ് ലഭിച്ചത്. അതില്‍ 25,000 അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകള്‍ക്കാണ് കൂടുതല്‍ അപേക്ഷ ലഭിച്ചത്.

പരമാവധി വേഗത്തില്‍ ഓരോ വകുപ്പുകള്‍ക്കും ലഭിച്ച നിവേദനങ്ങളില്‍ നടപടിയുണ്ടാകും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കൃത്യമായി മറുപടിയും ലഭ്യമാക്കുന്നുണ്ട്. യോഗത്തില്‍ ഓരോ വകുപ്പുകളും തങ്ങള്‍ക്ക് ഇതുവരെ കിട്ടിയ അപേക്ഷകളും അതിന്മേല്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ചു.

കളക്ടറേറ്റ് ട്രെയിനിങ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍, തഹസില്‍ദാര്‍മാര്‍ം വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.