സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പട്ടാമ്പി മീന്‍മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. മാര്‍ക്കറ്റിലെ മത്സ്യ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്നും 34 സാമ്പിളുകള്‍ പരിശോധിച്ചു. ചീഞ്ഞു തുടങ്ങിയതും യഥാവിധി ഐസ് ഉപയോഗിച്ച് സൂക്ഷിക്കാത്തതുമായ ഉപയോഗയോഗ്യമല്ലാത്ത 100 കിലോയോളം മത്സ്യം കണ്ടെത്തി നശിപ്പിച്ചു കളഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. പട്ടാമ്പി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. സി.കെ അഞ്ജലി, ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ടി.എച്ച് ഹിഷാം അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.