റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍കടയുടെ അംഗീകാരം സസ്പെന്റ് ചെയ്തു. ഡിസംബര്‍  മാസത്തെ റേഷന്‍ ലഭ്യമായില്ലെന്ന റേഷന്‍ കാര്‍ഡുടമയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എടവണ്ണ ഗ്രാമപഞ്ചായത്തിലെ 254-ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരമാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സസ്‌പെന്റ് ചെയ്തത്.

റേഷനിങ് ഇന്‍സ്‌പെക്ടര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ കാര്‍ഡിലെ ഭക്ഷ്യധാന്യങ്ങള്‍ 254-ാം നമ്പര്‍ കടയില്‍ നിന്നും മാന്വലായി ബില്ലിങ് നടത്തി വിതരണം നടത്തിയിട്ടുണ്ടെന്നും 2023 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലും ഇത്തരത്തില്‍ മാന്വല്‍ ബില്ലിങ് നടത്തിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടു.  ഈ മാസങ്ങളില്‍ ഒന്നും തന്നെ 254-ാം നമ്പര്‍ റേഷന്‍ കടയില്‍ പോകുകയോ, തനിക്ക് റേഷന്‍ വിഹിതം ലഭ്യമാവുകയോ ചെയ്തിട്ടില്ലെന്ന് കാര്‍ഡുടമ അധികൃതരെ അറിയിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ റേഷന്‍ കടയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.  ലൈസന്‍സിക്കെതിരെ കര്‍ശനമായ നടപടിയെടുക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് അയച്ചു.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി. പ്രദീപ്, കെ.പി അബ്ദുനാസര്‍ എന്നിവര്‍ പങ്കെടുത്തു.