പള്ളിപ്പുറം: ‘മേം ഗൂർഖ ഹും..ഹൈ..ഹോ.. ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഹിന്ദി അറിയാതെ അത് പറയാൻ കഷ്ടപ്പെടുന്ന രംഗം എല്ലാവർക്കും ഓർമയുണ്ടാകും. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ ഹിന്ദി അറിയാത്ത മുതിർന്ന വ്യക്തികൾക്ക് ഇനി ഇതുപോലെ കഷ്ടപ്പെടേണ്ടിവരില്ല. പഞ്ചായത്തുനിവാസികളെയെല്ലാം ഹിന്ദി ഭാഷയിൽ പ്രാവീണ്യമുളളവരാക്കാൻ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ജയ് ഹിന്ദി പഠന പദ്ധതി തുടങ്ങി.
ഹിന്ദി ഭാഷ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാനും ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുവാനും ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തും ദക്ഷിണ ഭാരത ഹിന്ദിപ്രചാര സഭയും ചേർന്നാണ് ജയ് ഹിന്ദി പഠന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. ഹരിക്കുട്ടൻ പദ്ധതി ഉദ്ഘാടനം ചെയ്തു.ഹിന്ദിയിൽ താൽപര്യമുള്ള 18വയസ്സിന് മുകളിലുള്ള പ്രായമുള്ള ആർക്കും ഇനി ഹിന്ദി പഠിക്കാം.
വ്യവസായപാർക്കും ഇൻഫോപാർക്കും മലബാർ സിമന്റസും ഉൾപ്പടെ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ജനങ്ങൾക്ക് തദ്ദേശീയമായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ജയ് ഹിന്ദി പഠന പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ പറയുന്നു. 2018-19വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ജയ് ഹിന്ദി പഠന പദ്ധതി നടപ്പിലാക്കുന്നത്.
17 വാർഡുകളുള്ള ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും 10 പേരെ വീതമാണ് ക്ലാസ്സിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുത്ത 170 പേർക്ക് രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസ് നടക്കുക. ശനി,ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞുള്ള രണ്ടുമണിക്കൂർ സമയമാണ് ക്ലാസ്. പഞ്ചായത്ത് സാംസ്‌കാരിക കേന്ദ്രത്തിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ അധ്യാപകരാണ് ക്ലാസ് നിയന്ത്രിക്കുക. ആറുമാസമാണ് ഈ സ്‌പോക്കൻ ഹിന്ദി ക്ലാസ്സിന്റെ പഠന കാലാവധി. ആറുമാസത്തിന് ശേഷം ക്ലാസ്സുകൾ വിപുലീകരിക്കും.