പാല്‍ ഉത്പാദനത്തില്‍ ജില്ല രണ്ടാമത്

സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാവുമന്ദം ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ 90 ശതമാനം നേട്ടം കൈവരിച്ചതായും അധിക പാലായി 10 ശതമാനം ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ജില്ലകളില്‍ വയനാട് രണ്ടാമതാണ്. തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ക്ഷീര സംഘങ്ങളിലൂടെ ശേഖരിക്കുന്ന പാലിന്റെ കറവ സമയം മാറ്റിയതോടെ പത്ത് ശതമാനം അധിക പാല്‍ ലഭ്യമാവുന്നതായും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റ, മറ്റ് തീറ്റ ഉത്പന്നങ്ങള്‍ കഴിച്ച് കന്നുകാലികള്‍ മരണപ്പെട്ടാല്‍, മരണകാരണമായ ഭക്ഷണ ഉത്പന്നം ഇറക്കുമതി ചെയ്ത കമ്പനി കന്നുകാലിയെ വാങ്ങി നല്‍കണം.

ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പകള്‍ ഉറപ്പാക്കും. സംസ്ഥാനത്തെ ഏല്ലാ ജില്ലയിലും കിടാരി പാര്‍ക്ക് ആരംഭിക്കുമെന്നും കിടാരി പാര്‍ക്കില്‍ വളരുന്ന കന്നുക്കുട്ടികളെ കര്‍ഷകര്‍ക്ക് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ കുടുംബാഗംങ്ങള്‍ക്ക് ചികിത്സക്കായുള്ള ക്ഷീര സാന്ത്വനം ഇന്‍ഷൂറന്‍സ് പദ്ധതി പുന:സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ 6000 പേരാണ് അംഗങ്ങളായിട്ടുള്ളത്. അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ക്ഷീരകര്‍ഷകങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുന്നതില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

പശുക്കളെ കൃത്യതയോടെ പരിപാലിച്ച് പുതിയ ഇനം ബീജം കുത്തിവെച്ച് മികച്ച കിടാരികളിലൂടെ കൂടുതല്‍ പാല്‍ ഉത്പാദനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. മൃഗസംരക്ഷണ പരിപാലനത്തില്‍ കര്‍ഷകര്‍ക്ക് മികച്ച രീതിയില്‍ ബോധവത്ക്കരണം നടത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍, വനിത ക്ഷീരകര്‍ഷക, പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷീരകര്‍ഷകന്‍, മികച്ച യുവ ക്ഷീര കര്‍ഷകന്‍ എന്നിവരെ ആദരിച്ചു.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍പ്പെട്ട കര്‍ഷകര്‍ക്കുള്ള സഹായം കൈമാറി. പരിപാടിയില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.രാംഗോപാല്‍, ക്ഷീരസംഗമം കമ്മിറ്റി ചെയര്‍മാന്‍ എം.ടി ജോണ്‍, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ബഷീര്‍, എന്‍.സി പ്രസാദ്, തരിയോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി.വി.മാത്യു, കെ.എന്‍ ഗോപിനാഥന്‍, രാധാമണി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.