ഒന്നാം ഘട്ടത്തിൽ വെജിറ്റബിൾ മാർക്കറ്റ്,അമിനിറ്റി സെന്റർ,പ്രധാന കവാടം

പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അടുത്ത മാസം ഒന്നാം തീയതി

യാഥാർത്ഥ്യമാകുന്നത് സംസ്ഥാന ടൂറിസം വകുപ്പിന്റെ10കോടി രൂപയുടെ പദ്ധതി

ചാല പൈതൃകത്തെരുവിന്റെ ഒന്നാം ഘട്ടം4മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചു.ഒന്നാം ഘട്ടത്തിൽ വെജിറ്റബിൾ മാർക്കറ്റ്,അമിനിറ്റി സെന്റർ,പ്രധാന കവാടം എന്നിവയാണ് പൂർത്തിയാക്കുക.ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അടുത്ത മാസം ഒന്നാം തീയതി രാവിലെ8.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറി തല കോ-ഓർഡിനേഷൻ യോഗത്തിനെ ചുമതലപ്പെടുത്തും.ഇതിന് മുന്നോടിയായി ഓരോ വകുപ്പുകളും നടത്തേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു പ്രവർത്തന രേഖ തയ്യാറാക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കുന്ന സ്മാർട് സിറ്റി പദ്ധതിയുമായി സഹകരിച്ച് കൂടിയാകും ടൂറിസം വകുപ്പിന്റെ പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കുക.സംസ്ഥാന ടൂറിസം വകുപ്പ്10കോടി രൂപ ചാല പൈതൃകത്തെരുവിനായി അനുവദിച്ചിട്ടുണ്ട്.കിഴക്കേകോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും,ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും,മേൽക്കൂരയോട് കൂടിയ നടപ്പാതയും,വിശ്രമ ബഞ്ചുകളും,പൂച്ചെടികളും എല്ലാം പൈതൃകത്തെരുവിൽ ഒരുക്കും.ഗാന്ധിപാർക്കിന് എതിർവശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയിൽ പ്രവേശനകവാടമൊരുക്കും.കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും.പൈതൃകത്തെരുവിന്റെ മുദ്രയോട് കൂടിയ ഒരേ പോലുള്ള പരസ്യബോർഡുകളും,ഒരേ തരം നിറവും പൈതൃകത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ ആകർഷകമാക്കും.ആര്യശാല ജംഗ്ഷനിൽ പഴയ തിരുവിതാംകൂർ ദിവാൻ രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും.ചിത്രമതിലുകളും മറ്റുമൊരുക്കി ആര്യശാലയിൽ പരമ്പരാഗത ഭംഗി നിലനിർത്തിയുളള സൗന്ദര്യവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും എല്ലാം ഭൂമിക്കടിയിലൂടെ സ്ഥാപിക്കും.മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ശുചിത്വമിഷൻ,കോർപ്പറേഷൻ,ട്രിഡ എന്നിവയുടെ സഹായത്തോടെ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കും.വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും,ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും തടസ്സമില്ലാതെ ചാല കമ്പോളത്തിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും.നിലവിൽ ഗതാഗതകുരുക്കും തെരുവ് കയ്യേറിയുള്ള കച്ചവടവും കാരണം കാൽനടയാത്രയ്ക്ക് പോലും പ്രയാസം നിറഞ്ഞ സ്ഥിതിയിലാണ് ചാല.ഇതുമൂലം ചാലയിലെ വ്യാപാരസ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് പരിഹാരം തീർക്കാൻ പൈതൃകത്തെരുവ് പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.വി.എസ് ശിവകുമാർ എംഎൽഎ,മേയർ അഡ്വ.വി.കെ പ്രശാന്ത്,ടൂറിസം സെക്രട്ടറി റാണി ജോർജ് ഐഎഎസ്,ആർക്കിടെക്ട് ജി.ശങ്കർ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.