വനിത ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി ആവിഷ്‌കരിച്ചിട്ടുളള ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ (ഒ.ആര്‍.സി.) പദ്ധതി കേരളത്തിലെ പട്ടിക വര്‍ഗവികസന വകുപ്പിനു കീഴിലുളള 20 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പി.ഡബ്ലു.ഡി. റെസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളെ സമഭാവനയോടെ കണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരണമെന്ന് മന്ത്രി പറഞ്ഞു.
വിവിധ സ്വഭാവ, വൈകാരിക, മാനസികാരോഗ്യ, പഠന, ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്ന കുട്ടികളെ സ്‌കൂളില്‍ നിന്നും കണ്ടെത്തി അവരില്‍ സാമൂഹിക മന:ശാസ്ത്ര ഇടപെടല്‍ നടത്തുന്നതിനും പഠന പഠനേതര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഒ.ആര്‍.സി. കോഴിക്കോട് ജില്ലയില്‍ 2010 ല്‍ ആരംഭിച്ച ഈ പദ്ധതി നിലവില്‍ കേരളത്തിലെ 304 സ്‌കൂളുകളിലായി നടപ്പിലാക്കി വരുന്നു.
വനിത ശിശു വികസന ഡയറക്ടര്‍ ഷീബാ ജോര്‍ജ്ജ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുട്ടികളോടുളള ഉത്തരവാദിത്വം ശാസ്ത്രീയമായി നിറവേറ്റുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഐ.ജി. പി. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജറും വനിത ശിശു വികസന വകുപ്പ് ജോയിന്റ് ഡയറക്ടറുമായ സുന്ദരി സി., പട്ടിക വര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  (വിദ്യാഭ്യാസം) വി.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കുട്ടികള്‍ അനുഭവിക്കുന്ന സ്വഭാവ, വൈകാരിക, മാനസികാരോഗ്യ, പഠന, ശാരീരിക വെല്ലുവിളികളെ കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മന:ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. ടി.വി. അനില്‍കുമാറും ഒ.ആര്‍.സി. റിസോഴ്‌സ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് സെയ്ഫും വിശദീകരിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുളള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍, പ്രോജക്ട് ഓഫീസര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.