ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തിന്റെയും കാര്‍ബണ്‍ ശേഖരത്തിന്റെയും കണക്കെടുക്കുന്ന രാജ്യത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് എന്ന നേട്ടവുമായി മീനങ്ങാടി. കാര്‍ബണ്‍ തുലിത ഗ്രാമപഞ്ചായത്താവാനുള്ള കര്‍മ്മപരിപാടികളിലൂടെ മുന്നേറുന്ന മീനങ്ങാടിക്ക് ഇതു ദിശാബോധം നല്‍കുന്ന അംഗീകാരമാണ്. ആഗോളതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുന്ന പാരിസ്ഥിതിക സംരക്ഷണ ഇടപെടലാണ് മീനങ്ങാടി നടത്തിയിരിക്കുന്നത്. വയനാട് ജില്ലയെ കാര്‍ബണ്‍ തുലിത ജില്ലയാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കം കൂടിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
കാര്‍ബണ്‍ തുലിത പഞ്ചായത്ത് പദ്ധതിക്കായി ഒരു വര്‍ഷം നീണ്ട പഠനം നടത്തിയത് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ പരിസ്ഥിതി സംഘടനയാണ്. പ്രാദേശിക ജനകീയ പങ്കാളിത്തത്തോടുകൂടി വിവരശേഖരണം നടത്തിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഏകദേശം ഏഴായിരം പേരില്‍ നിന്നും വിവിധയിനങ്ങളിലായി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കെടുപ്പില്‍ പഞ്ചായത്തിലെ കാര്‍ബണ്‍ ശേഖരം ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തേക്കാള്‍ ഏകദേശം 11,452 ടണ്‍ കുറവാണെന്ന് പഠനം കണ്ടെത്തിയിരുന്നു. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ 2020-ല്‍ ഇത് 15000 ടണ്‍ കടക്കും. വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കികൊണ്ട് സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താനും പദ്ധതികൊണ്ടുദ്ദേശിക്കുന്നുണ്ട്. കാര്‍ബണ്‍ തുലിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കെത്താന്‍ 2016 മുതല്‍ തന്നെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിനുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ ട്രീ ബാങ്കിംഗ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരുതല്‍ ധനമായി 10 കോടി പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട്. മീനങ്ങാടി ഗ്രാമപഞ്ചായത്തും മീനങ്ങാടി സഹകരണ ബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതി രാജ്യത്ത് തന്നെ ആദ്യത്തേതായിരിക്കും.
കാര്‍ബണ്‍ തുലിത വികസനം ലക്ഷ്യം
അധികമായി ബഹിര്‍ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോതു കുറച്ചു കൊണ്ടു വരികയും അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ മണ്ണിലേക്കും വൃക്ഷങ്ങളിലേക്കും ശേഖരിക്കുകയുമാണ് കാര്‍ബണ്‍ തുലിതമാകാനുള്ള വഴി.
പഠന റിപ്പോര്‍ട്ട് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിലെ മണ്ണിലെ കാര്‍ബണിന്റെ അളവ് വളരെ കുറവാണ.് ഭൂരിഭാഗം സ്ഥലങ്ങളിലും അവ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്. ഇതു വിളവിനെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ വെള്ളത്തെ പിടിച്ചു വയ്ക്കാനുള്ള മണ്ണിന്റെ കഴിവിനെ ദുര്‍ബമലപ്പെടുത്തുകയും ചെയ്യുന്നു. ഇവയെ മറികടക്കാനായി മണ്ണ് സംരക്ഷണം, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന കൃഷി – ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ സംരക്ഷണം, ജല സംരക്ഷണം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ പരമാധികാരം തുടങ്ങിയ നിരവധി പരിപാടികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് ഇതുവരെ 80,000 മരത്തൈകള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ തൊഴില്‍ – വരുമാന സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ ജീവിത നിലവാരത്തില്‍ ഗുണപരമായ മാറ്റം വരുത്താനും അതുവഴി കാര്‍ബണ്‍ തുലിത വികസനം സാധ്യമാക്കാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മാലിന്യ സംസ്‌കരണം, സാമൂഹ്യ വനവല്‍ക്കരണം, ജൈവ കൃഷി എന്നി മേഖലകളിലും മീനങ്ങാട് ഗ്രാമപഞ്ചായത്ത് ഇടപെടലുകള്‍ നടത്തുന്നുണ്ട്.