സാമൂഹിക സുരക്ഷാ പദ്ധതിയായ ‘സുരക്ഷ 2023’ ക്യാമ്പയിനിൽ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൽപ്പറ്റ നഗരസഭ. കൽപ്പറ്റ നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.അജിത അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭയ്ക്കുള്ള ഉപഹാരം ലീഡ് ബാങ്ക് ജില്ലാ മാനേജർ ബിപിൻ മോഹൻ കൈമാറി.
നഗരസഭ ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ വിവിധ ബാങ്കുകൾ, സാമ്പത്തിക സാക്ഷരത കൗൺസിലർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. നഗരസഭയിലെ വിവിധ ജന വിഭാഗങ്ങൾക്കിടയിൽ സുരക്ഷ 2023 പദ്ധതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും അവരെ പദ്ധതിയിൽ ഉൾപ്പെടുത്താനും വാർഡ് കൗൺസിമാർ, ബാങ്ക് പ്രതിനിധികൾ എന്നിവർ ഇടപെടലുകൾ നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർ, വാർഡ് കൗൺസിലർമാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.