ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗം ചേർന്നു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായി.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് എത്രയും വേഗം പ്രവർത്തന സജ്ജമാക്കണം. ആശുപത്രിയിലെ കാന്റീൻ പണിയുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതിയും യോഗത്തിൽ വിലയിരുത്തി. ആശുപത്രി പരിസരത്ത് സി.സി.ടി.വി സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെയും യോഗത്തിൽ ചർച്ച ചെയ്തു. ആശുപത്രിയിലെ പ്രവർത്തനം സുഗമമായി നടപ്പിലാക്കുന്നതിന് 32 ഓളം ഉദ്യോഗാർത്ഥികളെ പുതിയതായി നിയമിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. കുട്ടികളുടെ വാക്സിൻ നൽകുന്ന സ്ഥലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് എത്രയും പെട്ടെന്ന് പരിഹാരം കാണുന്നതിനും യോഗത്തിൽ തീരുമാനമായി.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ്, ജനപ്രതിനിധികൾ, എം.പി പ്രതിനിധി, വാർഡ് കൗൺസിലർമാർ, ആശുപത്രി ജീവനകാരുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.