കൊച്ചി: സൗരോര്‍ജ്ജമടക്കമുള്ള പാരമ്പര്യേതര മാതൃകകളെ പിന്തുടര്‍ന്ന് വൈദ്യുത മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. മലയിടംതുരുത്ത് സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് നമുക്കാവശ്യമുള്ള വൈദ്യുതി സ്വയം ഉല്‍പ്പാദിപ്പിക്കണം. വൈദ്യുതിയുടെ ഉപയോഗം കൂടിവരികയാണ്. സ്വയം പര്യാപ്തത കൈവരിച്ചാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. ബാങ്കിങ്ങ് മേഖലയില്‍ കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്ന കാലമാണിത്. ആവശ്യക്കാര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്ന രീതിയില്‍ സഹകരണ ബാങ്കിങ്ങ് മേഖലയെ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ 11.45 ലക്ഷം മുതല്‍ മുടക്കി മലയിടംതുരുത്ത് സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച സൗരോര്‍ജ്ജ വൈദ്യുതി നിലയം മറ്റ് സഹകരണ സംഘങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 20 കിലോവാട്ട് ശേഷി വരെ ആര്‍ജ്ജിക്കാവുന്ന 15 കിലോ വാട്ട് ഉല്‍പ്പാദനശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുത നിലയം ബാങ്ക് കെട്ടിടത്തിന് മുകളിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും പ്രതിദിനം 75 യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാനാകും. ബാങ്ക് കെട്ടിടത്തിലേക്ക് ആവശ്യമായ വൈദ്യുതി സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും ലഭ്യമാകും.
കൂടാതെ 2017-18 വര്‍ഷത്തെ ബാങ്കിന്റെ ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിനായി ബാങ്ക് പ്രസിഡന്റ് കെ. കെ. ഏലിയാസ് മന്ത്രിക്ക് കൈമാറി. 11. 31 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഒപ്പം ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 1.9 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ഇതോടൊപ്പം മലയിടംതുരുത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ ശീതീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം. എസ്. ലൈല നിര്‍വഹിച്ചു.
മലയിടംതുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വി. പി. സജീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ. കെ. ഏലിയാസ്, ജില്ലാ പഞ്ചായത്ത് അംഗം ജോളി ബേബി, സെക്രട്ടറി ഇന്‍ചാര്‍ജ് ടി. എ. തങ്കപ്പന്‍, വാഴക്കുളം സഹകരണ ബാങ്ക് പ്രസിഡണ്ട് സി.എം. അബ്ദുല്‍ കരീം, കിഴക്കമ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് ചാക്കോ പി. മാണി, കുന്നത്തുനാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.ജി. ദിനേശന്‍, ബാങ്ക് വൈസ് പ്രസിഡന്റ് പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.