ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്. വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇത്തരം പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൃത്യ നിര്‍വ്വഹണത്തിനെത്തുമ്പോള്‍ ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മൂടക്കൊല്ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരുകൂട്ടം ആളുകള്‍ മോശമായ നിലപാടാണ് സ്വീകരിക്കുന്നത്. ക്യാമറകള്‍ സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കുകയാണ്. വനിതാ ജീവനക്കാരോട് മോശമായ ഭാഷയിലാണ് സംസാരിക്കുന്നതെന്നും ഇത്തരം പ്രദേശങ്ങളില്‍ ജോലി ചെയ്യാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. വളരെ ആസൂത്രിതമായി ഒരു ചെറിയ വിഭാഗമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍വ്വകക്ഷിയോഗം വ്യക്തമാക്കി.

ജില്ലയിലെ വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ഓഫീസര്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ വനം വകുപ്പ് മന്ത്രിയുടെയും ജില്ലയിലെ എംഎല്‍എമാരുടെയും സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും കാടും നാടും വേര്‍തിരിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനും ആഘാതം കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഒരു ട്രിബ്യൂണല്‍ കൊണ്ടുവരുന്നകാര്യം ആലോചിക്കണം. വന്യമൃഗ ശല്യം നേരിടുന്ന പ്രദേശത്ത് കല്‍മതില്‍, ടൈഗര്‍ നെറ്റ്, ഫെന്‍സിങ് തുടങ്ങിയവ സ്ഥാപിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.

വനത്തോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടി തെളിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. വനാതിര്‍ത്തികളിലും വനത്തിനുള്ളിലുമുള്ള പട്ടയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലെ രാത്രി ആഘോഷങ്ങള്‍ മൃഗങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് നിയന്ത്രണം കൊണ്ടുവരണം. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ജനപ്രതിഷേധം ഉണ്ടാകുന്നതിനു മുമ്പ് തന്നെ നടപടികള്‍ സ്വീകരിക്കണം. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ ഒരുവിധത്തിലും പ്രശ്ന പരിഹാരമുണ്ടാവില്ല. വന്യജീവി ശല്യ പരിഹാരത്തിന് മറ്റ് രാജ്യങ്ങളിലുള്ള നിയമങ്ങള്‍ പഠിച്ച് നിയമങ്ങളില്‍ വ്യത്യാസം വരുത്തണം. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങളില്‍ മാറ്റമുണ്ടാകണം. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ദയില്‍പ്പെടുത്തുമെന്നും മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.