കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കിഫ്ബി നിർമിക്കുന്ന മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയുടെ നിർമാണത്തിനിടയിൽ നീക്കം ചെയ്ത മണ്ണ് ഏറ്റുമാനൂർ, കോട്ടയം നിയോജക മണ്ഡലങ്ങളിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ആശുപത്രി കോൺഫറൻസ് ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മണ്ണു നീക്കം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. കെട്ടിടത്തിന്റെ നിർമാണത്തിനായി അഞ്ചു ലക്ഷം ക്യുബിക് അടി മണ്ണ് ആവശ്യമുണ്ട്. ബാക്കി വരുന്ന നാലു ലക്ഷം ക്യുബിക്ക് അടി മണ്ണാണ് നീക്കം ചെയ്യുക.
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു, നഗരസഭാംഗം സിൻസി പാറയിൽ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.കെ. ബിൻസി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എസ്. ശ്രീകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ. എം. ശാന്തി, ആശുപത്രി വികസന സമിതിയംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, ലൂയിസ് കുര്യൻ, ടി.സി. ബിനോയി, സാൽവിൻ കൊടിയന്തറ, പോൾസൺ പീറ്റർ എന്നിവർ പങ്കെടുത്തു.
\;oooooooooooooooooo
കിഫ്ബിയിൽ നിന്ന് 129.89 കോടി രൂപ ചെലവിലാണ് മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി നിർമിക്കുന്നത്. അർദ്ധ സർക്കാർ സ്ഥാപനമായ ഇൻകെൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. 2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിർമിക്കുന്നത്. 35 ഒ.പി. ഡിപ്പാർട്ടുമെന്റുകൾ, 391 ബെഡുകൾ, 10 ഓപ്പറേഷൻ തീയറ്ററുകൾ, സൂപ്പർ സ്‌പെഷാലിറ്റി ഒ.പി.-ഐ.പി, സി.ടി, എം.ആർ.ഐ. മെഷിനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകര്യങ്ങളും ഒരുക്കും.