പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വയനാട് ജില്ലയിലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം രണ്ടാഘട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളെ സാങ്കേതികമായും അക്കാദമികമായും മുന്നിലെത്തിക്കാന്‍ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന കുറവുകള്‍ കൂടി കൃത്യമായി കണ്ടെത്തി പരിഹരിക്കും. വിദ്യാഭ്യാസ മേഖലയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അക്കാദമിക് രംഗങ്ങളില്‍ പിറകോട്ടു പോവുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാക്കും. അക്കാദമിക് മികവാണ് പ്രധാനലക്ഷ്യം. കരിക്കുലം ഉദ്ദേശിക്കുന്ന പഠനരീതി എല്ലാ കുട്ടികളിലും എത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുകയുമാണ് അക്കാദമിക് മികവിന്റെ വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനായി ഏറ്റവും ജനകീയവും ശാസ്ത്രീയവുമായ രീതികളിലൂടെ ലോകത്തിനു തന്നെ മാതൃകയാവുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിനാണ് തുടക്കമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരീക്ഷകളിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്ന ശാസ്ത്രീയ രീതികള്‍ അവലംബിക്കും. സ്‌കൂളുകളെ എല്ലാതലത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ആദ്യഘട്ടമായി പാഠപുസ്തകങ്ങളിലെ ഒരു അദ്ധ്യായമെങ്കിലും ഡിജിലറ്റലാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അദ്ധ്യാപകര്‍ക്കുവേണ്ടി തുടങ്ങിയ സമഗ്രപോര്‍ട്ടല്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും പ്രധാനാദ്ധ്യപകരോടും പ്രിന്‍സിപ്പാള്‍മാരോടും നിര്‍ദ്ദേശിച്ചു.
പൊതുവിദ്യാലയ സംരക്ഷണത്തിന്റെ അടുത്തഘട്ടത്തില്‍ 300 കോടി ചെലവില്‍ സംസ്ഥാനത്തെ പ്രൈമറി സ്‌കൂള്‍ ക്ലാസ് മുറികള്‍ ആധൂനീക സജ്ജീകരണങ്ങളോടെ ഹൈടെക് ആക്കും. വയനാട് ജില്ലയില്‍ പദ്ധതി മൂന്നുമാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യം. പ്രൊജക്ടര്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ശബ്ദ സംവിധാനം എന്നിവയടങ്ങുന്ന കേന്ദ്രീകൃത രീതിയിലായിരിക്കും പ്രൈമറി സ്‌കൂള്‍ ക്ലാസ് മുറികള്‍ ആധൂനിവത്കരിക്കുക. കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാലയ സംസ്ഥാനമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ 141 സ്‌കൂളുകള്‍ 2000 കോടി ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തൊട്ടാകെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ മാത്രമിത് 1350 ഓളമുണ്ട്. അവശേഷിക്കുന്ന ആറു ക്ലാസ് മുറികള്‍കൂടി ഉടന്‍ ഹൈടെക് ആക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. അടുത്ത അദ്ധ്യയന വര്‍ഷം നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കും. അഞ്ചൂറിലധികം കുട്ടികളുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു കോടി രൂപ നല്‍കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായത്തിനായി എയിഡഡ് സ്‌കൂളുകള്‍ക്ക് ചലഞ്ചിംഗ് ഫണ്ട് പദ്ധതിയിലൂടെ അപേക്ഷിക്കാം.
ഡയറ്റ് കേന്ദ്രങ്ങളെ പ്രദേശിക എസ്.ഇ.ആര്‍.ടികളാക്കിമാറ്റുകയും അദ്ധ്യാപകര്‍ക്കായി പ്രദേശിക പരിശീലനം നല്‍കാന്‍ സജ്ജമാക്കുകയും ചെയ്യും. അടുത്തഘട്ടത്തില്‍ അദ്ധ്യാപകരുടെ സംശയങ്ങള്‍ ഡയറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൂടാതെ മുഴുവന്‍ വിദ്യാഭ്യാസ ഓഫീസുകളും പൂര്‍ണ്ണമായും ആധൂനികവത്കരിക്കും. അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുമ്പായി അദ്ധ്യയന വര്‍ഷത്തെ മുഴുവന്‍ പുസ്തകങ്ങളും ലഭ്യമാക്കുമെന്നും പരാതികള്‍ ഉണ്ടായാല്‍ ഉദ്യോഗസ്ഥരോടും അദ്ധ്യാപകരോടും പരിശോധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദ്ദശിച്ചു.
