ഭാഷാപരമായ പിന്നാക്കാവസ്ഥ നേരിട്ട കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനായി മേപ്പാടി ഗ്രാമപഞ്ചായത്തും സമഗ്രശിക്ഷ അഭിയാനും നടപ്പാക്കുന്ന മലയാളത്തിളക്കം പരിപാടി നേരില്‍ കണ്ടു മനസ്സിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എത്തി. മേപ്പാടി ഗവ. ഹൈസ്‌കൂളിലെ മലയാളത്തിളക്കം ക്ലാസിലേക്കുവന്ന മന്ത്രി കുട്ടികള്‍ക്കൊപ്പം തറയിലിരുന്ന് പാഠങ്ങള്‍ ആസ്വദിച്ചു. കുട്ടികള്‍ സ്വതന്ത്ര വാക്യങ്ങള്‍ തെറ്റുകൂടാതെ എഴുതുകയും നിര്‍ദ്ദേശിച്ച വാക്യങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. മലയാളത്തിളക്കം പരിപാടി വിജയപ്രദമായി മുന്നേറുന്നതില്‍ മന്ത്രി സന്തോഷം രേഖപ്പെടുത്തി. ഭാഷാ പരിപോഷണ പരിപാടി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികള്‍ പാഠങ്ങളില്‍ ലയിച്ച് ഭാഷാപഠിക്കുന്ന രീതിശാസ്ത്രമാണ് മലയാളത്തിളത്തില്‍ ഉപയോഗിക്കുന്നത്. കഥകളും പാട്ടുകളും ചിത്രീകരണവും അഭിനയവും ഷോര്‍ട്ട് ഫിലിം ചര്‍ച്ചയും കാവ്യാലാപനവുമെല്ലാം കൊണ്ട് വൈവിധ്യപൂര്‍ണമാണ് മലയാളത്തിളക്കം ക്ലാസുകള്‍. 20 പേര്‍ അടങ്ങുന്ന വിവിധ ബാച്ചുകളായാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തിലും വായനയിലും കുട്ടികളുടെ പോരായ്മ പരിഹരിച്ചു നല്ല വായനക്കാരാക്കി മാറ്റുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ സമാപന ദിവസമായ ഒക്ടോബര്‍ 30ന് സ്‌കൂള്‍തല വിജയോത്സവവും പഞ്ചായത്തുതല വിജയോത്സവവും നടക്കും. കുട്ടിയുടെ സാഹിത്യശില്പശാലയിലെ ഉല്പനങ്ങള്‍ കോര്‍ത്തിണക്കിയ കൈയ്യെഴുത്തു മാസിക പ്രകാശനം നടക്കും. ഭാഷായിലും വായനയിലും താലപര്യം വര്‍ദ്ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് സമ്മാനമായി കൊടുക്കുന്ന പുസ്തകങ്ങള്‍ സമാഹരിച്ച് ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടനവും അന്ന് നടക്കും.
