ഉത്പാദന-പശ്ചാത്തല-സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സി. ബാബു അവതരിപ്പിച്ചു. 45,95,91,420 രൂപയുടെ പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 45,95,91,420 രൂപ വരവും 45,02,67,800 രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 93,23,620 രൂപയുടെ മിച്ചം പ്രതീക്ഷിക്കുന്നു. ഉത്പാദനമേഖലക്ക് 1.5 കോടിയും പശ്ചാത്തല മേഖലക്ക് രണ്ട് കോടിയും സേവനമേഖലക്ക് 5.5 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്.
ഇതില്‍ പാലിയേറ്റീവ് പരിചരണം ലഭിക്കുന്ന വൃദ്ധരായ രോഗികള്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ ചെന്ന് ചികിത്സ ലഭ്യമാക്കുന്നതിന് സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിക്ക് 19 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, സായാഹ്ന പഠനകേന്ദ്രം എന്നിവക്കായി 28 ലക്ഷം രൂപ വകയിരുത്തി. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 3.36 കോടി വകയിരുത്തി. ഡയാലിസിസിന് വിധേയരാകുന്നവര്‍ക്കും അവയവമാറ്റ ശസ്ത്രക്രിയ ചെയ്തവരെ സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്നും തുക വകയിരുത്തി. പാര്‍പ്പിട മേഖലക്ക് 2.5 കോടി രൂപ വകയിരുത്തി. പട്ടികജാതി ക്ഷേമത്തിനായി മൂന്ന് കോടി രൂപയും കാര്‍ഷികമേഖലക്കായി 1.5 കോടി രൂപയും വനിതാക്ഷേമത്തിന് 59 ലക്ഷം രൂപയും വകയിരുത്തി. റോഡ്, കുടിവെള്ളം തുടങ്ങിയവക്കായി ആകെ രണ്ട് കോടി രൂപയും വകയിരുത്തി.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് അധ്യക്ഷയായി. യോഗത്തില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. വിനോദ്കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അശ്വതി, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.