സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഭിന്നശേഷിക്കാര്‍ക്കായുള്ള യു.ഡി.ഐ.ഡി രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ മുന്‍നിര്‍ത്തിയുള്ള തന്മുദ്ര സര്‍വേ ജില്ലയില്‍ ആരംഭിച്ചു. തന്മുദ്ര ക്യാമ്പയിനും രജിസ്‌ട്രേഷനും നേതൃത്വം നല്‍കേണ്ട ഗ്രൂപ്പ് ലീഡര്‍മാരായി തെരഞ്ഞെടുത്ത ജില്ലയിലെ 130 എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍/സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിശീലനം ഡി.ആര്‍.ഡി.എ ഹാളില്‍ നടന്നു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍ തന്മുദ്ര പദ്ധതിയെ സംബന്ധിച്ച് വിഷയാവതരണം നടത്തി. പരിശീലന സെഷനുകള്‍ക്ക് കെ.എസ്.എസ്.എം കോ-ഓര്‍ഡിനേറ്റര്‍മാരായ ഗാഥ, എം.ബി ആതിര, കെ.എസ് നിഷാദ്, സജിത് എന്നിവര്‍ നേതൃത്വം നല്‍കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാ ശിശു വികസന വകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക്/മുന്‍സിപ്പല്‍ തല തന്മുദ്ര രജിസ്‌ട്രേഷന്‍ ഡ്രൈവ് ക്യാമ്പുകളിലൂടെ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും തന്മുദ്ര രജിസ്‌ട്രേഷനും യു.ഡി.ഐ.ഡി രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കാനാണ് ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നിന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ മുഖേന ഫെബ്രുവരി 20 നകം ശേഖരിക്കാനാണ് തീരുമാനം.

ഗൂഗിള്‍ ഫോം വഴി ശേഖരിക്കുന്ന തന്മുദ്ര രജിസ്‌ട്രേഷനായുള്ള ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്ത് തുടങ്ങി. തന്മുദ്ര പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഭിന്നശേഷിക്കാരായ പുതിയ വ്യക്തികളെ യു.ഡി.ഐ.ഡി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനായി ജില്ലയിലെ കോളെജ് തല എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍/ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.