ശബരിമല: ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയ പരിശോധനയില്‍ 1.25 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പാണ്ടിത്താവളത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം കുഴിയുണ്ടാക്കി പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച് പ്ലാസ്റ്റിക്ക് വിരിച്ച് ചാരം വിതറി അതിന് മുകളില്‍ അടുപ്പുകൂട്ടി പാത്രവും വെച്ചിരുന്നു. സന്നിധാനം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. ബീഡി, സിഗററ്റ്, പാന്‍മസാലകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് ശാസ്താംകോട്ട സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു. ഉല്‍പ്പന്നങ്ങള്‍ പരമാവധി ചില്ലറ വിലയേക്കാള്‍ മൂന്നുമുതല്‍ നാലുവരെ ഇരട്ടി വിലയ്ക്കാണ് സന്നിധാനത്ത് ആവശ്യക്കാര്‍ക്ക് രഹസ്യമായി എത്തിക്കുന്നത്. വന്‍ തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സന്നിധാനത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. റെയ്ഡില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എ.എസ്‌ഐമാരായ രവീന്ദ്രന്‍, കൃഷ്ണകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സുരേഷ്‌കുമാര്‍, ടെന്നിസണ്‍, രജു, ശ്യാം മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.