കൊച്ചി: പ്രതിലോമപരതയെ അതിജീവിച്ച് നവ നവോത്ഥാനത്തിലേക്കു കടക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.  ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് നവംബര്‍ 10, 11, 12 തീയതികളില്‍ ജില്ലയില്‍ നടത്തേണ്ട പരിപാടികള്‍ സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നവോത്ഥാനത്തിലധിഷ്ഠിതമായ സമരത്തിലൂടെ നവ നവോത്ഥാനത്തിലേക്കു കടക്കണം. നവോത്ഥാനത്തിന്റെ ഉത്തമ മാതൃകയാണ് കേരളം. മനസിന്റെ വളര്‍ച്ചയാണ് നവോത്ഥാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നടന്ന നവോത്ഥാന രീതികളില്‍ നിന്നും വ്യത്യസ്തമായി  മതനിരപേക്ഷവും സമത്വപൂര്‍ണവുമായ നവോത്ഥാന മാതൃകയാണ് കേരളം മുന്നോട്ടുവെയ്ക്കുന്നത്.  ഈ മാതൃക സമഗ്രവുമാണ്.   മതനിരപേക്ഷ മനസ്സിനെ കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ മനസ്സ് മാതൃകയാണ്.      പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്കുകൊണ്ടുവരാന്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, അയ്യങ്കാളി, സ്വാമി വിവേകനന്ദന്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ തുടങ്ങിയ അനവധി നവോത്ഥാന നായക•ാര്‍ മുന്നോട്ടുവെച്ച ആശയങ്ങളാണ് കേരളത്തെ സാമൂഹിക പുരോഗതിയിലേക്കു വളര്‍ത്തിയത്.  എന്നാല്‍ ചരിത്രം അതുകൊണ്ടുമാത്രം അവസാനിക്കരുത്.
നവോത്ഥാനത്തിന്റെ ലക്ഷണമൊത്ത ഉപകരണമായിരുന്നു ക്ഷേത്രപ്രവേശനവിളംബരം.  ക്ഷേത്രത്തില്‍ പ്രവേശിക്കാനോ വഴിനടക്കാനോ പൗരന്മാര്‍ക്ക് തുല്യാവകാശമില്ലാതിരുന്ന കാലഘട്ടത്തില്‍നിന്നും നിരവധി പ്രാദേശികസമരങ്ങളിലൂടെയാണ് കേരള സമൂഹം ഇവിടെവരെ എത്തിയിട്ടുള്ളത്. ഓരോ കാലഘട്ടത്തിലും കാലാനുസൃതമായ നവോത്ഥാനസങ്കല്‍പങ്ങളുണ്ടായിരുന്നു.   എന്നാല്‍ ഇത്തരം ത്യാഗസ്മരണകളെ വിസ്മൃതിയിലാക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സമീപകാലത്തുള്ളത്.  ഇവയെ അതിജീവിയ്ക്കുകയാണ് വാര്‍ഷികാഘോഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എം.എല്‍.എ.മാരായ ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ. മാക്‌സി,  ജി.സി.ഡി.എ ചെയര്‍മാന്‍ അഡ്വ. വി. സലിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍ എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രപ്രവേശനവിളംബര വാര്‍ഷികാഘോഷം: സംഘാടകസമിതി രൂപീകരിച്ചു
കാക്കനാട്: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യരക്ഷാധികാരിയും ജില്ലാ കളക്ടര്‍ ചെയര്‍മാനുമാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജനറല്‍ കണ്‍വീനറും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കണ്‍വീനറുമാണ്. ജില്ലയിലെ എം പിമാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, ജിസിഡിഎ ചെയര്‍മാന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും ചെയര്‍മാന്‍മാര്‍, സര്‍വീസ് സംഘടനകളുടെയും സാംസ്‌കാരിക സംഘടനകളുടെയും ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. പി.ടി.തോമസ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ചിത്ര പ്രദര്‍ശനങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഹ്രസ്വചിത്രപ്രദര്‍ശനം, ചരിത്രപ്രദര്‍ശനം, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ചരിത്രപ്രസിദ്ധമായ ചിത്രങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളിച്ച് പ്രത്യേക പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളിലേക്കെത്തിക്കും. വിളംബരവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ സമ്മേളനനഗരിയിലേക്ക് ദീപശിഖ പര്യടനം, പഞ്ചായത്ത് തലത്തിലുള്ള പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. പരിപാടി ഗ്രാമങ്ങളിലേക്കും സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.
ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സാംസ്്കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകളുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ക്ഷേമ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍, സാക്ഷരത മിഷന്‍, കുടുംബശ്രീ മിഷന്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തവുമുണ്ടാകും.
പരിപാടിയുടെ പ്രചരണത്തിനായി തയാറാക്കുന്ന പോസ്റ്ററുകള്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. പരിപാടിക്ക് മുന്നോടിയായി നവംബര്‍ ഒന്‍പതിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും വിളംബര ഘോഷയാത്രകള്‍  സംഘടിപ്പിക്കും. സമഗ്ര ശിക്ഷ അഭിയാന്‍ ആഭിമുഖ്യത്തില്‍ എല്ലാ ബി ആര്‍ സികളിലും നവംബര്‍ എട്ടിന് നവോത്ഥാന സദസുകള്‍ നടത്തും. ജില്ലയിലെ എല്ലാ ലൈബ്രറികളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ലൈബ്രറി കൗണ്‍സില്‍ മുന്‍കൈയെടുക്കണംമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട രേഖകളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനം പി ആര്‍ ഡിയും പുരാവസ്തു പുരാരേഖ വകുപ്പും ചേര്‍ന്ന് 10, 11, 12 തീയതികളില്‍ നടത്തും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രദര്‍ശനം കാണാന്‍ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വിളംബരവുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രാധാന്യമുള്ള നവോത്ഥാന ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തും.  ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് പ്രവേശന സ്വാതന്ത്ര്യം ലഭിച്ച ക്ഷേത്രങ്ങള്‍/ സഞ്ചാരസ്വാതന്ത്ര്യം ലഭിച്ച പാതകള്‍/ പ്രാദേശിക സമര സ്മരണകളുറങ്ങുന്ന പ്രദേശങ്ങള്‍ / വ്യക്തികള്‍/  സ്മാരകങ്ങള്‍ / കെട്ടിടം/ കുറിപ്പുകള്‍  തുടങ്ങിയവയുടെ ചിത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  സ്വന്തം നിലയില്‍ സമാഹരിച്ച് പി ആര്‍ ഡിക്ക് കൈമാറണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ക്ഷേത്രപ്രവേശന വിളംബരം, നവോത്ഥാനം എന്നിവയുമായി ബന്ധപ്പെട്ട ക്വിസ്, ചിത്രരചന, ഉപന്യാസം മത്സരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് ജില്ലാതലത്തില്‍ നടത്തും. പരിപാടി നടക്കുന്ന 10, 11, 12 തീയതികളില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കലാപരിപാടികളും നടക്കും.
എം.എല്‍.എ.മാരായ ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ. മാക്‌സി,  ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജി.സി.ഡി.എ ചെയര്‍മാന്‍ അഡ്വ.വി.സലിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.