കൊച്ചി: 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് വ്യത്യസ്തമായ പദ്ധതികള്‍ തയ്യാറാക്കി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുമ്പോള്‍ നമ്മള്‍ നേരിട്ട പ്രളയത്തെ വിലയിരുത്തി വേണം പദ്ധതികള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കുന്ന പദ്ധതികളാണ് തയ്യാറാക്കേണ്ടതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജ ടീച്ചര്‍ 2019 -20 വാര്‍ഷിക പദ്ധതി കരട് പ്രോജക്ട്, നിര്‍ദേശങ്ങള്‍ എന്നിവ അവതരിപ്പിച്ചു. 47 കോടി രൂപയാണ് ബ്ലോക്കിന്റെ ആകെ വികസന ഫണ്ടിലുള്ള തുക. 2019 -20 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പദ്ധതികളുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് പറവൂര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ നാടിനെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതിന് സഹായകമായ നിര്‍ദ്ദേശങ്ങളാണ് ഉള്ളത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേക്കുള്ള വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ട്. ഓഫീസിലെ സൗന്ദര്യവല്‍ക്കരണം, പൊതുജന സൗഹൃദവും കടലാസ് രഹിത ഡിജിറ്റലൈസ്ഡ് ബ്ലോക്ക് ഓഫീസ് എന്നീ പദ്ധതികളും ഈ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 4172 ഹെക്ടര്‍ തെങ്ങ്, 16000 ഹെക്ടര്‍ നെല്ല്, 105 ഹെക്ടര്‍ വാഴ, 63 ഹെക്ടര്‍ പച്ചക്കറി, 75 ഹെക്ടര്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. മഴയെ ആശ്രയിച്ചുള്ള പൊക്കാളി കൃഷിക്ക് വെള്ളക്കെട്ടും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും പ്രധാന വെല്ലുവിളിയാണ്. തൊഴിലുറപ്പ് പദ്ധതിയുമായി സമന്വയിപ്പിച്ചുകൊണ്ട് പൊക്കാളി പാടം ഒരുക്കുന്നതു മുതല്‍ കൊയ്ത്ത് വരെയുള്ള പ്രവര്‍ത്തികള്‍ക്ക് തൊഴിലാളികളെ ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. കമ്പോളത്തില്‍ വളരെ വിപണന മൂല്യമുള്ള പൊക്കാളി നെല്ല് പ്രത്യേകം സംഭരിച്ച് അരിയാക്കി വിതരണം ചെയ്യുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിലയും ലഭ്യമാകും. ജൈവ ഗ്രാമം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുഴുവന്‍ വീടുകളിലും ജൈവ പച്ചക്കറി കൃഷി നടത്താനുള്ള സംവിധാനം ഒരുക്കും. പുതുതലമുറയില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് തലങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി വകുപ്പുമായി സഹകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നാശോ•ുഖമായി മാറിക്കൊണ്ടിരിക്കുന്ന പുഴകളും പൊതുകുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയുമായി സമന്വയിപ്പിച്ച് പദ്ധതി ഉണ്ടാക്കും. തോടുകളിലും കായലുകളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി രൂപീകരിക്കും.
ചെറുകിട വ്യവസായ ഗ്രൂപ്പുകള്‍, കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍ എന്നിവയ്ക്ക് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശീലനങ്ങള്‍ നല്‍കി പൊതുതൊഴില്‍ സംവിധാന സംരംഭങ്ങള്‍ ആരംഭിക്കുകയും അവരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള സംവിധാനം ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുകയും ചെയ്യും. പ്രളയത്തില്‍ കേടുവന്നതും വാസയോഗ്യമല്ലാതായ വീടുകളും പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട്. അതോടൊപ്പം ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭ്യമാക്കുന്നതിനും ദാരിദ്ര്യ ലഘൂകരണത്തിന് കീഴില്‍ പദ്ധതി നടപ്പാക്കും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴിക്കര, മൂത്തകുന്നം സി.എച്ച്.സികളെ സര്‍ക്കാര്‍ സഹായത്തോടെ ആധുനിക സൗകര്യങ്ങളോടു കൂടിയ ജനസൗഹൃദ ആശുപത്രികളാക്കി ഉയര്‍ത്തുന്നതിന് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണ്. സി.എച്ച്.സികള്‍ക്ക് ആധുനിക സൗകര്യം, ക്യാന്‍സര്‍ നിര്‍ണയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ വേണ്ട ഇടപെടലുകള്‍, ജീവിതശൈലി രോഗങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും വ്യാപനം തടയാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജ്ജപ്പെടുത്തും.
പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ രംഗത്ത് ശാസ്ത്രീയപരമായ പദ്ധതികള്‍ ജനകീയ സഹകരണത്തോടെ നടപ്പാക്കും. നിലവില്‍ ചേന്ദമംഗലം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ബ്ലോക്ക് വിദ്യാകേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം, കേരളോത്സവം, പഴയകാല കായിക വിനോദങ്ങളുടെ മേള എന്നീ പ്രോജക്ടുകള്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത സുപ്രധാന പദ്ധതികളാണ്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും കെട്ടിടങ്ങളും അടിയന്തരമായി പുനര്‍നിര്‍മിക്കും. ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കയര്‍, കൈത്തറി മേഖലകള്‍ സംരക്ഷിക്കും. മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പ്രകൃതി വിഭവ പരിപാലന പ്രവര്‍ത്തനങ്ങളിലും പുരോഗതി ഉറപ്പാക്കും. നാടന്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് പരിഗണന നല്‍കും. പശു വളര്‍ത്തല്‍ പ്രധാന തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തുന്ന ഏകദേശം 600 കുടുംബങ്ങള്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുണ്ട്. പൊക്കാളി കൃഷി വ്യാപകമായ കാലത്തുണ്ടായിരുന്ന വൈക്കോല്‍ ലഭ്യത ഇന്നില്ലാത്തത് കന്നുകാലി വളര്‍ത്തലിന് പ്രധാന തടസ്സമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ശക്തമായ നടപടികള്‍ വാര്‍ഷിക പദ്ധതികളിലൂടെ നടപ്പാക്കും. ഭിന്നലിംഗക്കാരുടെ വ്യക്തമായ വിവരം ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുന്നതിനനുസരിച്ച് ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
സെമിനാറിന് ശേഷം കരട് പദ്ധതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഹെഡ് ക്ലര്‍ക്ക് കെ.ജെ ജോയന്‍, ഹെഡ് അക്കൗണ്ടന്റ് എ.ജി ഷീല, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ സീമ ടി.ആര്‍, വിജയ, എം. സുധീര്‍, ഷൈമ, സന്ധ്യ പി.എസ്, ഇ.എഫ് ടെസി, പി.പി വിജയകുമാര്‍, കെ.വി ജോസഫ്, ആഷിഫ, പി ആന്റ് എം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ആര്‍ പ്രദീപ് എന്നീ ഫെസിലിറ്റേറ്റര്‍മാരുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചര്‍ച്ചകളും നിര്‍ദേശങ്ങളുടെ ക്രോഡീകരണവും നടന്നത്.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി കമലാകാന്ത പൈ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്ത, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക പി.എ, പറവൂര്‍ ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി സുധീര്‍, ജോയിന്റ് ബി.ഡി.ഒ എ.വി സന്തോഷ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടൈറ്റസ് ഗോതുരുത്ത്, പി.ആര്‍ സൈജന്‍, കുടുംബശ്രീ അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.