സംസ്ഥാനത്തെ 36 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കണ്ണാടി, കുഴല്‍മന്ദം, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര ഗ്രാമീണകുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഷിക്കുന്നവ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയായ ജലജീവന്‍ മിഷന്‍ പദ്ധതി എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്ത് ലഭ്യമാക്കാന്‍ കരുതല്‍ കാണിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പാലക്കാട് ജില്ല കൃഷിയിട മേഖലയാണ്. ഇവിടെ ആവശ്യമുള്ള വെള്ളത്തിനായി പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന ചര്‍ച്ച നടത്തി കുറച്ചുകൂടി ലഭ്യമാക്കിയിട്ടുണ്ട്. എങ്കിലും ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം ഉണ്ട്. അത് പരിഹരിക്കാന്‍ പുഴയിലെയും നദികളിലെയും എക്കലും ചെളിയുമൊക്കെ മാറ്റാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. പരിപാടിയില്‍ കണ്ണാടി, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ലത, മിനി നാരായണന്‍, തേങ്കുറിശ്ശി, കണ്ണാടി, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ. സ്വര്‍ണമണി, കെ.ടി ഉദയകുമാര്‍, ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.