വിദ്യാഭ്യാസത്തിലും നിയമപരമായ കാര്യങ്ങളിലും ഗോത്രവർഗ്ഗക്കാർക്ക് പ്രത്യേക ഊന്നൽ നൽകുന്ന ഗോത്ര മിത്രം പദ്ധതി ഡോൺ ബോസ്കോ കോളെജിൽ സംഘടിപ്പിച്ച ചിൽഡ്രൻസ് കോൺക്ലേവിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആദിവാസി വിഭാഗക്കാർക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സഹായം നൽകുക, അവരുടെ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകുക, നിയമപരമായ കാര്യങ്ങളിൽ ഉപദേശവും സഹായവും നൽകുക, ഗോത്രവർഗ്ഗക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ അവരിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിക്കായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഓഫീസിലും ഓരോ താലൂക്ക് ലീഗൽ സർവീസ് സെന്റർ ഓഫീസുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും.
ഗോത്ര മിത്രം പദ്ധതിയുടെ ലഘുരേഖ ജില്ലാ ജഡ്ജിയും കെ ഇ എൽ എസ് എ മെമ്പർ സെക്രട്ടറിയുമായ ജോഷി ജോൺ ചടങ്ങിൽ പ്രകാശനം ചെയ്തു.