മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ഭവനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ജീവിതപുരോഗതിക്കുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജീവിതപ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഭൂമിയും വീടും ഉറപ്പാക്കും. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ഫ്‌ളാറ്റ് സമുച്ചയത്തിന് രൂപകല്‍പനയുടെ ഭംഗി മാത്രമല്ല, ഈടും ഉറപ്പാക്കും. ഇത്തരമൊരു പദ്ധതി സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. സമുച്ചയത്തിനൊപ്പം തൊഴില്‍ പരിശീലനകേന്ദ്രം, അങ്കണവാടി, തീരമാവേലി സ്‌റ്റോര്‍ തുടങ്ങിയവയും ആരംഭിക്കും.
ഓഖി പുനരധിവാസത്തിനായി വിവിധ പദ്ധതികളിലായി 41 കോടി രൂപ ചെലവാക്കി. 22 കോടി രൂപ ഓഖി ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസത്തിന് നല്‍കിയിട്ടുണ്ട്. പുനരധിവാസത്തിന് പ്രത്യേക പാക്കേജും നേരത്തെ രൂപം നല്‍കിയിരുന്നു. ഓഖിയില്‍ കിടപ്പാടം നഷ്ടപ്പെട്ട 72 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് സര്‍ക്കാരിന്റെ ആദ്യവര്‍ഷം തന്നെ അഞ്ചുലക്ഷത്തില്‍നിന്ന് പത്തുലക്ഷം രൂപയാക്കി ഉയര്‍ത്തിയിരുന്നു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കാനുള്ള പദ്ധതി പുരോഗമിക്കുന്നു. കാലാവസ്ഥ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം ഐ.എസ്.ആര്‍.ഒ സഹായത്തോടെ നടപ്പാക്കുന്നുണ്ട്. പഞ്ഞമാസ ആശ്വാസ ധനസഹായം 4500 രൂപയാക്കി ഉയര്‍ത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. നാലുവര്‍ഷമായി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് പദ്ധതിയിലൂടെ പുനരധിവാസം ഉറപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. തീരത്ത് നിന്ന് 50 മീറ്റര്‍ ദൂരത്തിനുള്ളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. സമുച്ചയത്തിനൊപ്പമുള്ള കമ്യൂണിറ്റി ഹാളിന്റെ തറക്കല്ലിടലും മന്ത്രി നിര്‍വഹിച്ചു.

അങ്കണവാടി കെട്ടിടം വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു തറക്കല്ലിട്ടു. തീരമാവേലി സ്‌റ്റോറിന്റെ തറക്കല്ലിടല്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ ലത്തീന്‍ രൂപതാ ബിഷപ്പ് ഡോ. എം. സൂസപാക്യം, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, കൗണ്‍സിലര്‍മാരായ സജീന ടീച്ചര്‍, ബീമാപ്പള്ളി റഷീദ്, ഷീബാ പാട്രിക് തുടങ്ങിയവര്‍ സംബന്ധിച്ചു. ഫിഷറീസ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മേയര്‍ വി.കെ. പ്രശാന്ത് സ്വാഗതവും തീരദേശ വികസനകോര്‍പറേഷന്‍ എം.ഡി പി.ഐ ഷേക് പരീത് നന്ദിയും പറഞ്ഞു.