നവംബര്‍ 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികം നവംബര്‍ 10 മുതല്‍ 12 വരെ വിപുലമായി ആഘോഷിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  സംസ്ഥാനതല ഉദ്ഘാടനം 9ന് വൈകിട്ട് തിരുവനന്തപുരം വി. ജെ. ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലകളില്‍ ചുമതലപ്പെട്ട  മന്ത്രിമാര്‍ ഉദ്ഘാടനം നടത്തും. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (തമസോമ: ജ്യോതിര്‍ഗമയ) എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ചരിത്ര രേഖകള്‍,   വിളംബരത്തിലേക്ക് നയിച്ച സംഭവങ്ങള്‍, ഇതിനു ശേഷം കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവ വിശദമായി പ്രദിപാദിക്കുന്ന പ്രദര്‍ശനം, വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പ്രഭാഷണങ്ങള്‍, ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംസ്ഥാനമൊട്ടാകെ നടക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, ക്വിസ്, പ്രബന്ധ രചനാ മത്‌സരങ്ങള്‍ നടത്തും.  ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ്, സാംസ്‌കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍   സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജില്ലകളിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, ഗ്രന്ഥശാല പ്രസ്ഥാനം തുടങ്ങി വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണം ഉണ്ടാവും. ജില്ലകളില്‍    സംഘാടക സമിതി രൂപീകരണം നടന്നു വരികയാണ്.
ചരിത്രം അടയാളപ്പെടുത്തിയ നിരവധി പോരാട്ടങ്ങളിലൂടെയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടത്. നിവരധി നവോത്ഥാന നായകരും പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളും നിര്‍ണ്ണായക പങ്ക് വഹിച്ചു. എന്നാല്‍ ഇപ്പോള്‍ കേരളത്തെ പിറകോട്ടടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുരോഗമനപരമായ മാറ്റങ്ങള്‍ കേരളത്തില്‍ സാധ്യമായതിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ ക്ഷേത്രപ്രവേശന വിളംബര ആഘോഷത്തിന് സാധിക്കും.
അടിമ വ്യാപാരം കല്ലുമാല സമരം, മേല്‍മുണ്ട് സമരം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, പാലിയം സമരം, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ ക്ഷേത്രപ്രവേശനം തുടങ്ങിയ ചരിത്ര വിവരങ്ങളെല്ലാം  പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കും. ഇതിന് അനുബന്ധമായ ചര്‍ച്ചകളാണ്  ഒപ്പം നടക്കുക. അപൂര്‍വമായ ചരിത്ര രേഖകളും വിവരങ്ങളും ചിത്രങ്ങളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ അടങ്ങിയ കോഫി ടേബിള്‍ ബുക്ക് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കി പ്രദര്‍ശനം നടക്കുന്ന വേദികളില്‍ വിതരണം  ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.