കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴക്ക് കുറുകെ നിർമ്മിച്ച കാക്കേരി പാലം ഉദ്ഘാടനത്തിന്. 2019-20 ബജറ്റിൽ അനുവദിച്ച 4.6 കോടി രൂപ ചെലവിലാണ് പാലത്തിൻ്റെ നിർമ്മാണം നടത്തിയത്. പാലം ഉദ്ഘാടനം നാളെ വൈകുന്നേരം ആറിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പി ടി എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും.
കാക്കേരി കടവിൽ നിലവിലുണ്ടായിരുന്ന 1.5 മീറ്റർ വീതിയുള്ള നടപ്പാലം 2018 ലെ പ്രളയത്തിൽ ഒലിച്ചുപോയതിനെ തുടർന്നാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന വീതി കൂടിയ പാലം നിർമ്മിക്കണമെന്ന ആവശ്യമുയർന്നത്. ബി വി അബ്ദുല്ലക്കോയയുടെ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗപ്പെടുത്തിയായിരുന്നു നേരത്തെയുണ്ടായിരുന്ന നടപ്പാലം നിർമ്മിച്ചിരുന്നത്. പ്രവൃത്തി പൂർത്തീകരിച്ച താമരശ്ശേരി വരിട്ട്യാക്കിൽ സിഡബ്ല്യുആർഡിഎം റോഡിൽ നിന്ന് എൻ.ഐ.ടി ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പാലം സഹായകമാവും. 2021 ഫെബ്രുവരി 6 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തത്.
നാല് സ്പാനിൽ 103.5 മീറ്റർ നീളത്തിൽ നിർമ്മിച്ച പാലത്തിന് ഒരുവശത്ത് 1.2 മീറ്റർ വീതിയിൽ നടപ്പാതയും 5.5 മീറ്റർ വീതിയിൽ കാരിയർ വേയും ഉൾപ്പെടെ 7.2 മീറ്റർ വീതിയാണുള്ളത്. പാലത്തിൻ്റെ അടിത്തറ പൈൽ ഫൗണ്ടേഷനും ഓപ്പൺ ഫൗണ്ടേഷനും ആയാണ് രൂപകൽപന ചെയ്തിട്ടുള്ളത്.
കാക്കേരി ഭാഗത്ത് 60 മീറ്ററും ചാത്തമംഗലം ഭാഗത്ത് 46 മീറ്ററും നീളത്തിൽ അനുബന്ധ റോഡും പാലം പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്.