കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ആദ്യ ജില്ല

ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജാത്തിരെ കാലാവസ്ഥ ഉച്ചകോടിയിൽ കാർബൺ ന്യൂട്രൽ വയനാട് റിപ്പോർട്ട് ഔദ്യോഗികമായി പുറത്തിറക്കി. രാജ്യത്ത് ജില്ലാ പഞ്ചായത്ത്‌ തലത്തിൽ കാർബൺ തുലിത റിപ്പോർട്ട്‌ പുറത്തിറക്കുന്ന ആദ്യ ജില്ലയായി വയനാട് മാറി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗ്ലൂരിലെ സെൻ്റർ ഫോർ സസ്റ്റൈനബിൾ ഇക്കോളജിയിൽ നിന്ന് വിരമിച്ച പ്രൊഫസർ ഡോ. എൻ എച്ച് രവീന്ദ്രൻ ഔദ്യോഗമായി റിപ്പോർട്ട്‌ പ്രകാശനം ചെയ്തു. തണൽ എക്സിക്യൂട്ടീവ് ഡയറക്ടർ സി ജയകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. തണലിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ പഞ്ചായത്ത്‌ പുറത്തിറക്കിയ റിപ്പോർട്ടിൽ 2021-22 കാലയളവിലെ ജില്ലയിലെ ഹരിതഗ്രഹ വാതകങ്ങളുടെ മൂല്യനിർണ്ണയവും നിർദ്ദേശങ്ങളും ഉൾകൊള്ളുന്നു. സുസ്ഥിര വികസനം എന്ന ആശയത്തെ തദ്ദേശ സ്ഥാപനതലത്തിൽ പ്രാവർത്തികമാക്കാനുള്ള ശ്രമമാണ് കാർബൺ ന്യൂട്രൽ വയനാട് പദ്ധതി.

കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ കാർബൺ ബഹിർഗമന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഒരു ജില്ലയിൽ കാർബൺ ബഹിർഗമനം കണക്കാക്കുന്നത് ആദ്യമാണെന്നും ജില്ലയെ കൂടുതൽ സുസ്ഥിരവും മെച്ചപ്പെട്ടതുമാക്കാൻ സഹായിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. കുഫോസ് ക്ലൈമറ്റ് ആൻഡ് എൻവയോൺമെൻ്റ് സെന്റർ തലവൻ ഡോ. സിജോ ജോസഫ്, കുസാറ്റ് റഡാർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. എസ്. അഭിലാഷ്, ഹ്യും സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി ഡയറക്ടർ സി.കെ വിഷ്ണുദാസ് എന്നിവർ ഉച്ചകോടിയിൽ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ ബഷീർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജുനൈദ് കൈപ്പാണി, സീതാ വിജയൻ, ജൈവ വൈവിധ്യ പരിപാലന സമിതി കൺവീനർ ടി.സി. ജോസ് തുടങ്ങിയവർ സംസാരിച്ചു.

കാർബൺ ന്യൂട്രൽ വയനാട് റിപ്പോർട്ട്

2021-22 വർഷത്തെ അടിസ്ഥാനമാക്കിയാണ് ജില്ലയിലെ ഹരിത ഗൃഹവാതകങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. ദേശീയ ഹരിതഗൃഹവാതക ഇൻവെന്ററികൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവയുടെ 2019 പരിഷ്കരണവും അടിസ്ഥാനമാക്കിയുള്ള രീതി ശാസ്ത്രമാണ് ഇതിനായി സ്വീകരിച്ചത്. ആകെ ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ ഇവ നൽകുന്ന ഉയർന്ന സംഭാവന പരിഗണിച്ച് കാർബൺ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേൻ എന്നിവയുടെ ബഹിർഗമനത്തെയാണ് റിപ്പോർട്ടിൽ പരിഗ‌ണിച്ചിട്ടുള്ളത്. കണക്കുകൂട്ടലിനുള്ള എളുപ്പത്തിനായി ബഹിർഗമനവും സ്വാംശീകരണവും നാല് പ്രധാന മേഖലകളായി തിരിച്ചിട്ടുണ്ട്. ഊർജ്ജം, വ്യാവസായിക പ്രക്രിയകളും ഉത്പന്ന ഉപഭോഗവും, കൃഷി, വനം, മറ്റ് ഭൂവിനിയോഗം,മാലിന്യം. 2021-22 വർഷത്തെ ജില്ലയിലെ ഹരിത ഗൃഹവാതക ബഹിർഗമനം (കാർബൺ സ്വാംശീകരണം കൂടാതെ) 20,46,257.14 ടൺ കാർബൺ തത്തുല്യമാണ്.