പാലക്കാട്: ജോലിയിലും പൊതുയിടങ്ങളിലും മലയാളഭാഷയെ ഉയര്‍ത്തിക്കാണിക്കാന്‍ മുഴുവന്‍ ജീവനക്കാരും ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. വിജയന്‍ പറഞ്ഞു. മലയാളികള്‍ക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ മലയാളഭാഷയിലൂടെ മാത്രമെ കഴിയൂവെന്നും ഉത്തരവുകളും അപേക്ഷകളും മലയാളത്തില്‍ തയ്യാറാക്കുന്നതാണ് സാധാരണക്കാരന് പ്രയോജനകരമെന്നും എ.ഡി.എം. പറഞ്ഞു. ജില്ലാ ഭരണകൂടവും വിവര -പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയവും ചേര്‍ന്ന് സംഘടിപ്പിച്ച മലയാള ദിനാഘോഷം- ഭരണഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മലയാളഭാഷാ സംരക്ഷണ പ്രതിജ്ഞ എ.ഡി.എം കലക്ടറേറ്റ് ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു.
പാലക്കാട് സബ് കലക്ടര്‍ ആസിഫ്.കെ. യൂസഫ് പരിപാടിയില്‍ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാലുകള്‍ കൊണ്ട് ചിത്രം വരച്ച് ലഭിച്ച തുക സംഭാവന നല്‍കിയ എം.ബി. പ്രണവ് പരിപാടിയില്‍ തത്സമയം ചിത്രം വരച്ചു. എം.ബി പ്രണവിനും സംഘഗാനമാലപിച്ച മെഹ്ഫില്‍ സംസ്‌കാരിക കൂട്ടായ്മയിലെ വിദ്യാര്‍ഥികള്‍ക്കും എ.ഡി.എം. ട്രോഫികള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥരായ ജി.രേഖ, സി. ദീപ, കെ. ഉഷ, എം.പി.ധന്യ, ടി.പി ജെനി, അജിത്ത് എന്നിവര്‍ കവിത ആലപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചുമതലയിലുള്ള പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ്.ഗീത എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ‘ഭരണഭാഷ മലയാളം’ എന്ന വിഷയത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ലളിത്ബാബു ക്ലാസ്സെടുത്തു. ഫയലുകള്‍ ലളിതമായി കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് സംബന്ധിച്ച് ക്ലാസില്‍ പ്രതിപാദിച്ചു. ഉച്ചയ്ക്ക് ശേഷം സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി മലയാളഭാഷ ഭരണഭാഷ എന്ന വിഷയത്തില്‍ പ്രശ്‌നോത്തരി നടത്തി.
കാലുകളാല്‍ മലയാളത്തെ കാന്‍വാസിലേക്ക് പകര്‍ത്തി പ്രണവ്
കാലുകള്‍ക്കിടയില്‍ ബ്രഷുകള്‍ കൂട്ടിപ്പിടിച്ച് ഒച്ച്, വള്ളങ്ങള്‍, തെങ്ങ്, സൂര്യന്‍ എന്നിവകൊണ്ട് പ്രണവ് കാന്‍വാസില്‍ മലയാളത്തെ വരച്ചുവെച്ചു. ജില്ലാ ഭരണകൂടവും വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച മലയാള ദിനാഘോഷം-ഭരണഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടന പരിപാടിയിലാണ് മുഖ്യാതിഥിയായി എത്തിയ ചിറ്റൂര്‍ കോളേജ് വിദ്യാര്‍ഥി എം.ബി. പ്രണവ് മലയാളനാടിനെയും മലയാളഭാഷയെയും കാന്‍വാസില്‍ തത്സമയം വരച്ചിട്ടത്. കാലുകള്‍കൊണ്ട് ചിത്രം വരച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനെ തുടര്‍ന്ന് പ്രണവ് മന്ത്രി എ.കെ ബാലന്റേതടക്കം ഒട്ടെറെ പേരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍’ എന്ന വള്ളത്തോള്‍ കവിത ഉദ്ധരിച്ച് മലയാള ഭാഷയുടെ പ്രാധാന്യം വിവരിച്ച പ്രണവ് സദസിന്റെ കൈയ്യടി നേടി. അച്ഛനുമമ്മയും തന്നെയാണ് തന്റെ കൈകളെന്നും കൈകളില്ലാത്ത വ്യക്തിയായി ആരും തന്നെ കണക്കാക്കരുതെന്നും പ്രണവ്് പറഞ്ഞു. പ്രണവ് വരച്ച ചിത്രം ജീവനക്കാരില്‍ നിരവധി പേര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. എ.ഡി.എമ്മിനും സബ് കലക്ടര്‍ക്കുമൊപ്പം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറിനൊപ്പം (ഇന്‍-ചാര്‍ജ്ജ്) സെല്‍ഫിയുമെടുത്താണ് പ്രണവ് മടങ്ങിയത്.


പ്രശ്‌നോത്തരി നടത്തി
ജില്ലാ ഭരണകൂടവും വിവര -പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രശ്‌നോത്തരി നടത്തി. മലയാള ദിനാഘോഷം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി പ്രശ്‌നോത്തരി സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ ജി എസ് ടി വകുപ്പില്‍ നിന്നുള്ള ജീവനക്കാരായ അജിത, ജിനു ജോസഫ് എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും കലക്ടറേറ്റ് ജീവനക്കാരായ ഷഫീക്ക്, ജിജു എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും രമണി, ജയപ്രസാദ് എന്നിവര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. പ്രശ്‌നോത്തരിയില്‍ രണ്ട് പേരടങ്ങുന്ന 26 ടീമുകളാണ് പങ്കെടുത്തത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യും.