പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണം ; മന്ത്രി ഡോ.ആര്‍.ബിന്ദു

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്നതാണ് സര്‍ക്കാരിന്റെ ആശയമെന്നും ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കാന്‍ കഴിയണമെന്നും ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. ബദിയടുക്ക മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ മന്ത്രി. ഭിന്നശേഷിക്കാരുടെ സുഗമമായ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി തടസ്സ രഹിത കേരളം പദ്ധതി നടപ്പിലാക്കുകയാണ്. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

കാസര്‍കോട് ജില്ലയിലെ 10 ബഡ്സ് സ്‌കൂളുകളെയും എം.സി.ആര്‍.സികളാക്കി ഉയര്‍ത്തുകയാണ്. ആദ്യ ഘട്ടത്തില്‍ കുമ്പഡാജെ, കാറഡുക്ക, ബെള്ളൂര്‍, മുളിയാര്‍, കയ്യൂര്‍ ചീമേനി, പുല്ലൂര്‍ പെരിയ എന്നിവിടങ്ങളിലെ ബഡ്‌സ് സ്‌കൂളുകളെയാണ് എം.സി.ആര്‍.സികളാക്കി ഉയര്‍ത്തിയത്. രണ്ടാം ഘട്ടത്തില്‍ എന്‍മകജെ, ബദിയടുക്ക, പനത്തടി, കള്ളാര്‍ എന്നിവിടങ്ങളിലെ ബഡ്സ് സ്‌കൂളുകള്‍ കൂടി എം.സി.ആര്‍.സികളാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഭിന്നേശഷിയുള്ള കുട്ടികള്‍ ഓരോരുത്തര്‍ക്കും ആവശ്യമുള്ള സൗകര്യങ്ങള്‍ ഓരോ കുട്ടിക്കും പ്രത്യേകം നല്‍കാന്‍ കഴിയും എന്നതാണ് എം.സി ആര്‍.സി കളുടെ പ്രത്യേകത. ബദിയടുക്ക എം.സി.ആര്‍.സിക്ക് കിണര്‍ സൗകര്യം കൂടി ആവശ്യമാണെന്ന പഞ്ചായത്ത് അധികൃതരുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുറത്ത് നിഷ് എന്ന സ്ഥാപനവും തൃശൂരില്‍ നിക്മര്‍ എന്ന സ്ഥാപനവും ഭിന്നശേഷിക്കാര്‍ക്കായി എല്ലാ സേവനങ്ങളും നല്‍കി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പോലെ ഒരു സ്ഥാപനം കാസര്‍കോട് ജില്ലയിലും ആലോചിക്കുന്നുണ്ട്. കാസര്‍കോടിന് പ്രത്യേക പരിഗണന നല്‍കി എല്ലാ നിലയിലും ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കാനുള്ള ഇടപെടലുകള്‍ നടത്തും എന്നും മന്ത്രി പറഞ്ഞു. എം.സി.ആര്‍.സി സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്‍കിയ വില്ലേജ് ഓഫീസര്‍ ഡി.കൃഷ്ണയെ മന്ത്രി ആദരിച്ചു.

ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷാ വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സൗമ്യ മഹേഷ്, രവികുമാര്‍ റൈ, കെ.റഷീദ, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രോഗ്രാം കോ ഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികകൾ തുടങ്ങിയവർ സംസാരിച്ചു. ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത സ്വാഗതവും ബദിയഡുക്ക പഞ്ചായത്ത് സെക്രട്ടറി സി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.