പണിപൂര്‍ത്തിയായ മട്ടാഞ്ചേരി ബോട്ട് ജെട്ടി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. മാര്‍ച്ച് മാസത്തെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.

കൊച്ചി മേഖലകളിലെ റേഷന്‍ കടകളില്‍ സമയബന്ധിതമായി സാധനങ്ങള്‍ എത്തിക്കണം, വൈപ്പിന്‍ മേഖലയില്‍ സ്‌കൂള്‍ സമയത്ത് ടിപ്പറുകളും ടോറസുകളും സര്‍വ്വീസ് നടത്തുന്നത് തടയണം, കുമ്പളങ്ങി പാലം മുതല്‍ കോണ്‍വെന്റ് വരെ റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന വൃക്ഷ ശിഖരങ്ങള്‍ വെട്ടി മാറ്റണം, കുമ്പളങ്ങി- പെരുമ്പടപ്പ് പാലത്തിന് തെക്കുവശത്ത്, റോഡിന് പടിഞ്ഞാറ് ഭാഗത്തായി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് തടയണം. എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം, ഞാറക്കല്‍ ഗ്രാമപഞ്ചായത്തിലെ വലിയ തോടുകളുടെ ആഴം കൂട്ടാനുള്ള നടപടി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

കൊച്ചി തഹസില്‍ദാരുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ താലൂക്ക് വികസന സമിതി അംഗം ബെയ്സില്‍ മൈലന്തറ അധ്യക്ഷത വഹിച്ചു. കൊച്ചി തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.