58 ധനസഹായ അപേക്ഷകള്‍ അംഗീകരിച്ചു


ഇടുക്കി ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് കമ്മിറ്റിയുടെ 65 ാം മത് യോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ചികില്‍സാസഹായം, വിവാഹധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ധനസഹായം എന്നിവക്ക് സമര്‍പ്പിച്ച 58 അപേക്ഷകള്‍ പരിഗണിച്ച് തീര്‍പ്പാക്കി.

മരണാനന്തര ധനസഹായത്തിന് 24 അപേക്ഷകളും വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം എന്നിവക്ക് രണ്ട് അപേക്ഷ വീതവും ചികില്‍സാ ധനസഹായത്തിന് 30 അപേക്ഷകളുമാണ് ലഭിച്ചത്. 23,92000 രൂപയുടെ അപേക്ഷകള്‍ യോഗം അംഗീകരിച്ചു. അപാകതകളും സാങ്കേതിക പ്രശ്‌നങ്ങളുമുള്ള വിവിധ ധനസഹായ അപേക്ഷകളില്‍ നിയമോപദേശം തേടാനും കമ്മിറ്റി തീരുമാനിച്ചു.

മുന്‍ യോഗത്തിന്റെ മിനിറ്റ്‌സും നടപടി റിപ്പോര്‍ട്ടും യോഗത്തില്‍ വായിച്ച് അംഗീകരിച്ചു. ജില്ലയില്‍ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളായ പീരുമേട് ടീ കമ്പനിയുടെ നാല് ഡിവിഷനുകളിലും എംഎംജെ പ്ലാന്റേഷന്‍സിന്റെ രണ്ട് എസ്റ്റേറ്റുകളിലെ ആറ് ഡിവിഷനുകളിലെയും തൊഴിലാളികള്‍ക്ക് പുതിയ ലയങ്ങള്‍ നിര്‍മിക്കുന്നതിന് നിര്‍മിതി കേന്ദ്രം മുഖേന എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ നിര്‍മിതി കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും തോട്ടങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി 10 അംഗ ജില്ലാതല കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രഥമ യോഗം ചേര്‍ന്നതായും പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ, പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എംജി, തൊഴിലാളി സംഘടന പ്രതിനിധികള്‍, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.