സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച സ്പോർട്സ് ടർഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ പഞ്ചായത്തുകളിലും കായിക പരിശീലനത്തിനായുള്ള ഗ്രൗണ്ടുകൾ മണ്ഡലങ്ങളിൽ സ്പോർട്സ് ക്ലബ്ബുകൾ എന്നിവ സജ്ജമാക്കി വരികയാണെന്നും ഇത്തരം പദ്ധതികൾ കേരളത്തിലെ കായിക മേഖലയ്ക്ക് ആദ്യ അനുഭവം ആണെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്‌കൂളിലെ ആദ്യ ടർഫാണ് മണ്ണഞ്ചേരി ഗവൺമെന്റ് സ്‌കൂളിൽ സ്ഥാപിച്ചത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുഷാന്ത് മാത്യു കായിക താരങ്ങളെ ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. വി പ്രിയ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി അജിത്, വൈസ് പ്രസിഡന്റ് പി.എ ജുമൈലത്ത്, സ്ഥിരം സമിതി അധ്യക്ഷരായ എം.എസ് സന്തോഷ്, കെ.പി ഉല്ലാസ്,ഉദയമ്മ, ഹെഡ്മിസ്ട്രസ് എം.കെ സുജാതകുമാരി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ്, ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി. ജി വിഷ്ണു,സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ്കുമാർ,കായിക അധ്യാപകരായ പി.പി മിനിമോൾ,അനുപ വിനു, പി.ടി.എ പ്രസിഡന്റ് സി.എച്ച് റഷീദ്,വൈസ് പ്രസിഡണ്ട് ജോസ് ചാക്കോ, എസ്.എം.സി ചെയർമാൻ മുഹമ്മദ് മുസ്തഫ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്പോർട്‌സ് ടർഫാണിത്. ജില്ലാപഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ടർഫിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. സംസ്ഥാന ഗവൺമെന്റിന്റെ കായിക നയത്തിൽ പറഞ്ഞിരിക്കുന്ന ത്രീ ലെയർ സംവിധാനത്തോടെ 40 മീറ്റർ നീളത്തിലും 26 മീറ്റർ വീതിയിലുമാണ് ടർഫ് ഒരുക്കിയിരിക്കുന്നത്. മറ്റ് സ്‌കൂളുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും മുൻകൂർ അനുമതിയോടെ ഇവിടെ സൗജന്യമായി കളിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.