ജില്ലാപഞ്ചായത്തിന്റെ മികവ് പദ്ധതി – നൈപുണ്യ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനവും വിജയഭേരി സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു
പട്ടികജാതി (എസ്.സി) വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി കേരളം നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ മികവ് പദ്ധതിയുടെ ഭാഗമായ നൈപുണ്യ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനവും വിജയഭേരി സ്കോളർഷിപ്പ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എസ്.സി വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ മികച്ച പിന്തുണയാണ് സർക്കാർ നൽകിവരുന്നത്. സർക്കാരിന്റെ സഹായത്തോടെ നാല് വിദ്യാർത്ഥികളുടെ പൈലറ്റാകാനുള്ള സ്വപ്നം യാഥാർത്ഥ്യമായി. വിദേശ സർവകലാശാലയിൽ പഠിക്കുന്ന എസ്.സി വിദ്യാർത്ഥികളുടെ ഫീസും സർക്കാർ ഏറ്റെടുക്കുന്നുണ്ട്. ജില്ലാപഞ്ചായത്തിന്റെ മികവ്, വിജയഭേരി എന്നീ പദ്ധതികൾ നൈപുണ്യ വികസനത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ് എന്നും ഇത്തരം പ്രവർത്തികൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ പട്ടികജാതി യുവതി യുവാക്കൾക്ക് വിവിധ മേഖലകളിൽ മെച്ചപ്പെട്ട പരിശീലനം നൽകി തൊഴിൾ ഉറപ്പാക്കുന്ന പദ്ധതിയാണ് മികവ്. ഈ പദ്ധതിവഴി മൂന്ന് സ്ഥാപനങ്ങൾ മുഖേന എട്ട് കോഴ്‌സുകളിലായി 266 കുട്ടികൾക്കാണ് ഈ വർഷം പരിശീലനം നൽകുന്നത്. ആകെ 90 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതിയാണ് വിജയഭേരി. ഈ സാമ്പത്തിക വർഷം ജില്ലയിൽ ഏകദേശം 1600 വിദ്യാർത്ഥികൾക്കായി 2.95 കോടി രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് മാറ്റിവച്ചിരിക്കുന്നത്. പട്ടികജാതി വികസന വകുപ്പുമായി ചേർന്നാണ് ഈ രണ്ടു പദ്ധതികളും നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ്ജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, ഷൈനി ജോർജ്ജ്, എ.എസ് അനിൽ കുമാർ, ശാരദ മോഹൻ, അഡ്വ. യേശുദാസ് പറപ്പിള്ളി, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ, എസ്.സി വകുപ്പ് ഉദ്യോഗസ്ഥരായ ജെസി സാമുവൽ, ജി. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.