റേഷൻകാർഡ് മസ്റ്ററിങ്ങിന് കേന്ദ്രം കൂടുതൽ സമയം അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സംസ്ഥാന സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 മണി വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കും. എല്ലാ റേഷൻ കാർഡ് അംഗങ്ങളും റേഷൻ കടകളിൽ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂർത്തിയാക്കണം.

മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ കടകൾ അവധിയാണ്. ഈ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെ മസ്റ്ററിംഗ് ചെയ്യും. അവസാന ദിവസമായ 18ന് സംസ്ഥാനത്തെ ഏതൊരു കാർഡ് അംഗത്തിനും ഏതു റേഷൻ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും. സംസ്ഥാനങ്ങൾ നിർബന്ധമായും കേന്ദ്രസർക്കാർ നിർദ്ദേശം പാലിക്കണമെന്ന അറിയിപ്പ് നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മസ്റ്ററിംഗുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.