പാലക്കാട്: വിവര -പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മലയാളദിനാഘോഷം- ഭരണഭാഷാവാരാചരണ ത്തോടനുബന്ധിച്ച് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ വിവര -പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയം സമാഹരിച്ച പുസ്തകങ്ങള്‍ കൈമാറി. പ്രളയക്കെടുതിയില്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്നും നഷ്ടപ്പെട്ട പുസ്തകങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് സമാഹരണം നടത്തിയത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിക്ക് അഡ്വ. പി. അപ്പുക്കുട്ടനാണ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയത്. ആശയങ്ങളും പുത്തന്‍ ചിന്തകളും കോര്‍ത്തിണക്കി ഒരു നാടിന്റെ പുരോഗതി ലക്ഷ്യമിട്ട പുസ്തക സമാഹരണത്തിലേക്ക് വിവര -പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയം ശേഖരിച്ച അന്‍പതോളം പുസ്തകങ്ങളാണ് നല്‍കിയത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട പുസ്തകങ്ങള്‍ വീണ്ടെടുക്കുന്നതിനും നവോത്ഥാനമൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുമായി സംഘടിപ്പിച്ച ജാഗ്രത സാംസ്‌കാരിക ജാഥയില്‍ അയ്യായിരത്തിലധികം പുസ്തകങ്ങളാണ് വിവിധ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ നല്‍കിയത്. സമൂഹം നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ പുസ്തകങ്ങളെ സുഹൃത്തും അക്ഷരങ്ങളെ അറിവാക്കിയും മുന്നേറണമെന്ന് അഡ്വ. പി. അപ്പുക്കുട്ടന്‍ പറഞ്ഞു. സംസ്ഥാനത്തെ 250 ഓളം ഗ്രന്ഥശാലകള്‍ പ്രളയത്തില്‍ വെള്ളത്തിനടിയിലായി 25 ലക്ഷം പുസ്തകങ്ങള്‍ വിവിധ ഗ്രന്ഥശാലകള്‍ക്ക് നഷ്ടമായിട്ടുണ്ട്. പ്രളയാനന്തര കേരളത്തിന് നഷ്ടമായ പുസ്തകങ്ങള്‍ വീണ്ടെടുത്ത് അക്ഷര കേരളത്തിന് നല്‍കാനുള്ള യജ്ഞമാണ് പുസ്തകസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടമൈതാനത്ത് നടന്ന സ്വീകരണയോഗം എഴുത്തുകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ കൂടുതല്‍ വാര്‍ഷികവരിക്കാരെ ഉള്‍പ്പെടുത്തിയ കാക്കണ്ണി എ.പി.ജെ അബ്ദുല്‍ കലാം ഗ്രന്ഥശാലയ്ക്ക് ജാഥാ ക്യാപ്റ്റന്‍ അഡ്വ. പി അപ്പുക്കുട്ടന്‍ പുരസ്‌കാരം നല്‍കി. പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിനു വേണ്ടി മുണ്ടൂര്‍ സോതുമാധവന്‍, എഴുത്തുക്കാരി എം.പി മിനി, ശേഖരീപുരം ഗ്രന്ഥശാല, ദേശീയ റീഡിങ് റൂം, സോഷ്യലിസ്റ്റ് യുവജന വായനശാല, എം.സി.എല്‍ ലൈബ്രറി, ജില്ലാ പബ്ലിക് ലൈബ്രറി, പൊതുജനവായനശാല കൊട്ടേക്കാട്, ഗ്രാമ സേവാ സംഘം തേനൂര്‍, ജനകീയ വായനശാല കണ്ണാടി തുടങ്ങിയ അറുപതോളം ഗ്രന്ഥശാലകള്‍ പുസ്തകങ്ങള്‍ കൈമാറി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം മരിയാ ജെറാള്‍ഡ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ ടി.കെ നാരായണദാസ്, സെക്രട്ടറി എം.കാസിം ജാഥാ അംഗം സുരേഷ് ബാബു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. രവീന്ദ്രന്‍, പ്രസിഡന്റ് ടി.കെ രമേഷ്, വി.കെ ജയപ്രകാശ്, ടി. കെ നാരായണദാസ്, സംസാരിച്ചു.