പാലക്കാട്: നവംബര്‍ എട്ട് മുതല്‍ 17 വരെ നടക്കുന്ന കല്‍പ്പാത്തി രഥോല്‍സവത്തിനു മുന്നോടിയായി കലക്ട്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം.ടി. വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പോലീസ്, ആരോഗ്യം, പൊതുമരാമത്ത്, വാട്ടര്‍ അതോററ്റി, മലബാര്‍ ദേവസ്വം, കെ.എസ്.ഇ.ബി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജലസേചനം, മൃഗസംരക്ഷണം, വനംവകുപ്പ്, വിദ്യാഭ്യാസം, ശുചിത്വമിഷന്‍, റവന്യു വകുപ്പുകള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സുരക്ഷാ ക്രമീകരണങ്ങള്‍, ട്രാഫിക്ക്, ക്രമസമാധാനം എന്നിവ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വനിതാ പോലീസ് ഉള്‍പ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു യൂണിറ്റും വിന്യസിക്കാന്‍ നിര്‍ദേശിച്ചു. പൊതുജനങ്ങളെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സ്ഥാപിക്കും. ഉത്സവം നടക്കുന്ന ദിവസങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുളള മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിക്കും. തേരുകളുടെ ഫിറ്റ്‌നസും വൈദ്യുത അലങ്കാരങ്ങളുടെ ഇലക്ട്രിക്കല്‍ ഫിറ്റ്‌നസ്സും പരിശോധിച്ച് ഉറപ്പുവരുത്തും. നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ ക്ഷേത്ര ഭാരവാഹികള്‍ കര്‍ശനമായി പാലിക്കണമെന്ന് എ.ഡി.എം. നിര്‍ദേശം നല്‍കി.
രഥോത്സവത്തിനോടനുബന്ധിച്ച് വൈദ്യുതി വിതരണം മുടങ്ങാതെ ക്രമീകരിക്കാനും അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്തുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. തെരുവു വിളക്കുകള്‍ നന്നാക്കുക, നിരോധിത പ്ലാസ്റ്റിക്ക് ഉപകരണങ്ങളുടെ വില്‍പ്പന തടയേണ്ടതും ശബ്ദമലിനീകരണം, മാലിന്യനിര്‍മാര്‍ജനം, നഗരസഭാ റോഡുകളുടെ അറ്റകുറ്റപണികള്‍ എന്നിവ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കും. താത്കാലിക കടകള്‍, വഴി തടസപ്പെടുത്തുന്ന തോരണങ്ങള്‍, ഉയര്‍ന്ന ശബ്ദം ഉണ്ടാക്കുന്ന കളിക്കോപ്പുകളുടെ വില്‍പ്പന എന്നിവ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി. അവലോകന യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷനര്‍ സതീഷ്, രഥോത്സവകമ്മിറ്റി ഭാരവാഹികളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.