ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലയിലെ സംഘാടനത്തിന്റെ ഭാഗമായി എ.ഡി.എം കെ.അജീഷിന്റെ അദ്ധ്യക്ഷതയില്‍ ഉപസമിതികളുടെ യോഗം ചേര്‍ന്നു. പരിപാടിയുടെ പ്രചരണത്തിനായി നവംബര്‍ എട്ടിന് രാവിലെ 11.30ന് കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനം ചേരാന്‍ തീരുമാനിച്ചു. ഘോഷയാത്രയില്‍ ശിങ്കാരിമേളം, നവോത്ഥാന നായകരുടെയും നവോത്ഥാന ആശയങ്ങള്‍ വിളിച്ചോതുന്നതുമായ പ്ലക്കാര്‍ഡുകള്‍, കലാരൂപങ്ങളുടെ പ്ലോട്ടുകളും അണിയിച്ചൊരുക്കും. കുടുംബശ്രീ, കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, വിവിധ യുവജന ക്ലബുകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കും. ഘോഷയാത്രയ്ക്ക് അകമ്പടിയായി അനൗണ്‍സ്‌മെന്റ് വാഹനം ഏര്‍പ്പെടുത്തും. ഘോഷയാത്രയ്ക്കു ശേഷം കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ ഒരുക്കിയ വേദിയില്‍ പൊതുസമ്മേളനം നടക്കും. ഘോഷയാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് റോഡിന്റെ സാധ്യത പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിതാ ജഗദീഷ്, നഗരസഭാംഗങ്ങളായ പി. മണി, വി. ഹാരീസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, എഡിസി (ജനറല്‍) പി.സി. മജീദ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് എന്‍. സതീഷ് കുമാര്‍, നന്മ സന്നദ്ധ സംഘടന പ്രതിനിധി ചിത്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.