മാറ്റത്തിനൊപ്പം യാത്ര ചെയ്യുകയാണ് വയനാടിന്റെ ആരോഗ്യരംഗവും. മികച്ച ആതുരാലയമെന്ന ഖ്യാതി നേടി രാജ്യത്തിന്റെ നെറുകയിലെത്തിയ നൂല്‍പ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം സഫലീകരിക്കാനുള്ള യാത്രയിലാണിന്ന് വയനാട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിരു പങ്കിടുന്നതിനാല്‍ വയനാട്ടിലെ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണത്തിലും കുറവില്ല. ഇതുകൂടി പരിഗണിച്ച് വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഘട്ടംഘട്ടമായി സാമൂഹികാരോഗ്യ കേന്ദ്രങ്ങളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് 170 പി.എച്ച്.സികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ വയനാട്ടിലെ ആശുപത്രികളും ഉള്‍പ്പെടും.
സര്‍ക്കാര്‍ ആശുപത്രികള്‍ രോഗിസൗഹൃദമാക്കുക, ചികിത്സാ ചെലവ് കുറയ്ക്കുക, ആശുപത്രികള്‍ ഹൈടെക് ആക്കുക എന്നി ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്ത ആര്‍ദ്രം മിഷന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍. രണ്ടു വര്‍ഷങ്ങള്‍ക്കിടെ വിപ്ലവകരമായ മാറ്റങ്ങളാണ് ആരോഗ്യ മേഖലയിലുണ്ടായത്. ജില്ലയില്‍ മാത്രം 127 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 35 തസ്തികകളാണ് പുതുതായി ഉണ്ടാക്കിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മാത്രം 26 ഡോക്ടര്‍മാരുടെ തസ്തികയുണ്ടാക്കി. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 62 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തി. ഇവിടെ 40 ലക്ഷം രൂപ ചെലവില്‍ ഒഫ്താല്‍മിക് യൂണിറ്റ് പൂര്‍ത്തിയായിവരികയാണ്. എസ്എന്‍സിയു യൂണിറ്റിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനവും നടന്നുവരുന്നു. വൃദ്ധസൗഹൃദ വാര്‍ഡ് നിര്‍മ്മാണത്തിനായി 15 ലക്ഷം രൂപ വിനിയോഗിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനായി 25 ലക്ഷം രൂപ അനുവദിച്ചു. കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

യാഥാര്‍ത്ഥ്യമാവുന്ന സ്വപ്‌നം
മെഡിക്കല്‍ കോളജെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്‌നം കോട്ടത്തറ വില്ലേജിലെ മുരണിക്കരയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമിയിലാണ് എം.കെ. ജിനചന്ദ്രന്‍ സ്മാരക വയനാട് ഗവ. മെഡിക്കല്‍ കോളജ് സ്ഥാപിതമാവുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം ആരംഭിക്കും. 100 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുക. 30 ഏക്കറില്‍ അക്കാദമിക് ബ്ലോക്ക്, ആശുപത്രി, ഹോസ്റ്റല്‍ എന്നിവ നിര്‍മ്മിക്കും. 19,626 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള അക്കാദമിക് ബ്ലോക്കില്‍ ഭരണ വിഭാഗം, സെന്‍ട്രല്‍ ലൈബറി, ലക്ചര്‍ തിയേറ്റര്‍, ഓഡിറ്റോറിയം, പരീക്ഷാഹാള്‍, ലബോറട്ടറികള്‍ തുടങ്ങിയവ നിര്‍മ്മിക്കും. 38,015 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ളതാണ് ആശുപത്രി ബ്ലോക്ക്. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി തുടങ്ങിയവയും അനുബന്ധ വിഭാഗങ്ങളുമടങ്ങുന്ന 470 കിടക്കകളുമുള്ള ആശുപത്രി ബ്ലോക്കാണ് നിര്‍മ്മിക്കുക. ഓപറേഷന്‍ തിയേറ്ററുകള്‍, ലേബര്‍ റൂം, റേഡിയോ ഡയഗ്നോസിസ്, അനസ്‌തേഷ്യോളജി, സെന്‍ട്രല്‍ ലബോറട്ടറി, സെല്‍ട്രല്‍ കാഷ്വാലിറ്റി ഡിപാര്‍ട്ട്‌മെന്റ്, ഫാര്‍മസി, സ്റ്റോര്‍ തുടങ്ങയവയുമുണ്ടാവും. 37,570 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള റസിഡന്‍ഷ്യല്‍ ബ്ലോക്കില്‍ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, നഴ്‌സുമാര്‍, റസിഡന്റുമാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കുള്ള താമസസൗകര്യമൊരുക്കും. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നടത്തിയത്.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്റര്‍
നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ ആരംഭിച്ച റേഡിയേഷന്‍ ചികിത്സ ആദിവാസികളടക്കമുള്ള നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമാവുന്നു. വയനാട് ഹെല്‍ത്ത് പ്രൊജക്റ്റിന്റെ ഭാഗമായി പട്ടികവര്‍ഗ ക്ഷേമവകുപ്പ് അംബേദ്കര്‍ ട്രൈബല്‍ ആശുപത്രി എന്ന പേരില്‍ ആരംഭിച്ചതാണ് നല്ലൂര്‍നാട്ടിലെ ആതുരാലയം. 1996 ഡിസംബര്‍ ഏഴിനാണ് ഇവിടെ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. 2002 ജൂണ്‍ ഏഴിനു കിടത്തിച്ചികിത്സാ വിഭാഗം തുടങ്ങി. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു ആശുപത്രി പ്രവര്‍ത്തനം. 2007 ഒക്ടോബര്‍ 18നു പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സ്ഥാപനം ആരോഗ്യ വകുപ്പിനു കൈമാറി. ഇതോടെ ആദിവാസി ഇതര വിഭാഗങ്ങള്‍ക്കും ആശുപത്രിയുടെ സേവനം ലഭ്യമായി. പിന്നീട് ആതുരാലയത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തി സ്‌പെഷ്യലിസ്റ്റ് തസ്തികകള്‍ അനുവദിച്ചു.
സ്വന്തമായുള്ള ഏഴര ഏക്കര്‍ വളപ്പിലാണ് നല്ലൂര്‍നാട് ആശുപത്രി കെട്ടിടസമുച്ചയം. ഒരേ സമയം 25 രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള വാര്‍ഡുകളും മുറികളും ലാബോറട്ടറിയും എക്‌സ്‌റേ യൂനിറ്റ് ഉള്‍പ്പെടെ അനുബന്ധ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്.
ഒരേ സമയം 10 രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കാന്‍ ശേഷിയുള്ള മോണിറ്ററിംഗ് സംവിധാനത്തോടെയുള്ള വാര്‍ഡ് ആശുപത്രിയിലുണ്ട്. വിദഗ്ധരുടെ സേവനം വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ലഭ്യമാക്കി ക്യുറേറ്റീവ് കീമോ തെറാപ്പിയും ഇവിടെ നല്‍കുന്നുണ്ട്. ആശുപത്രിയില്‍ 2017ലാണ് റേഡിയോ തെറാപ്പി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക അനുവദിച്ചത്. നിലവില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് സ്റ്റാഫ് നഴ്‌സുമാണുള്ളത്. കാരുണ്യ പദ്ധതിയില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള അംഗീകാരമുള്ളതാണ് സെന്റര്‍.

ജില്ലാ ആശുപത്രിയില്‍ മള്‍ട്ടി പര്‍പസ് ബ്ലോക്ക്
ജില്ലാ ആശുപത്രിയെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവാന്‍ മള്‍ട്ടി പര്‍പസ് ബ്ലോക്ക് ഒരുങ്ങുന്നു. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പ്രവൃത്തി തുടങ്ങിയ ബ്ലോക്കില്‍ എട്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും. 45 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ വിസ്തീര്‍ണം 10,880 ചതുരശ്രമീറ്ററാണ്. സ്റ്റോര്‍ റൂം, റേഡിയോളജി റൂം, വെയ്റ്റിംഗ് റൂം, ലിഫ്റ്റ്, പാര്‍ക്കിംഗ് ഏരിയ, കിച്ചന്‍, കാന്റീന്‍, വാഷ് റൂം, എക്‌സ്‌റേ റൂം, 292 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുകള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഓഫീസ്, ട്രോളി റാമ്പ്, കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമുറി, മഴവെള്ള സംഭരണി, സീവേജ് പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളാണ് സജ്ജീകരിക്കുക.