വയനാട്: ജില്ലയിലെ ക്രൈംബ്രാഞ്ചിന്റെ വിവിധ വിഭാഗങ്ങള്‍ ഇനി ഒരു കുടക്കീഴില്‍. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരമാണ് നടപടി. സംഘടിത കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, കൊലപാതകം എന്നി കുറ്റകൃത്യങ്ങളാണ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കുറ്റകൃത്യങ്ങള്‍ ജില്ലയിലെ ഉദ്യോഗസ്ഥരും ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇതര ജില്ലകളിലെ ഉദ്യോഗസ്ഥരുമാണ് ഇതുവരെയായി അന്വേഷിച്ചിരുന്നത്. ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കോഴിക്കോട് യൂണിറ്റും സംഘടിത കുറ്റകൃത്യങ്ങള്‍ കണ്ണുര്‍ യൂണിറ്റുമാണ് അന്വേഷിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ വിഭാഗങ്ങളിലെ കേസുകള്‍ വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റ് തന്നെയായിരിക്കും അന്വേഷിക്കുക. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയമിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കായിരുന്നു വയനാടിന്റെ ചുമതല. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റിന് മാത്രമായി പുതിയ ഡിവൈ.എസ്.പിയെയും നിയമിച്ചു. കെ.കെ. രാധാകൃഷ്ണനാണ് പുതിയ ഡിവൈ.എസ്.പി. സി.ഐമാരായ എം.എം. അബ്ദുല്‍ കരീം, പി.കെ. സന്തോഷ്, എം.പി. വിനീഷ് കുമാര്‍ എന്നിവരാണ് യൂണിറ്റിലുണ്ടാവുക. അധികമായി രണ്ട് എസ്.ഐമാര്‍, മൂന്ന് എ.എസ്.ഐമാര്‍, മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍, ഏഴു പൊലീസുകാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് യൂണിറ്റിലേക്ക് മാറ്റി നിയമിച്ചു.
അന്യജില്ലകളിലുള്ള കേസുകള്‍ ജില്ലയിലേക്കും ജില്ലയില്‍ അന്വേഷിക്കുന്നതും അന്യജില്ലകളിലുള്ളതുമായ കേസുകള്‍ അതാതു ജില്ലകളിലേക്കും മാറ്റി. മുപ്പതോളം പേരടങ്ങുന്ന യൂണിറ്റ് നിലവില്‍ മാനന്തവാടിയിലെ ഓഫീസിലാണ് പ്രവര്‍ത്തിക്കുക. കമ്പളക്കാട് നിര്‍മ്മാണം പുരോഗമിക്കുന്ന ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടം പൂര്‍ത്തിയാവുന്നതൊടെ യൂണിറ്റിനെ കമ്പളക്കാടേക്ക് മാറ്റും. വിവിധ വിഭാഗവും ഒന്നിക്കുന്നതോടെ വിവിധ കേസുകളില്‍ സാക്ഷി പറയാനും മറ്റും കോഴിക്കോടും കണ്ണൂരും പോവേണ്ട ബുദ്ധിമുട്ട് പൊതുജനത്തിന് മാറിക്കിട്ടുന്നതൊടൊപ്പം യൂണിറ്റില്‍ ജോലി ചെയ്യുന്ന വയനാട്ടുകാരായ സേനാംഗങ്ങള്‍ക്കും ഏറെ ഗുണകരമാവും. കോഴിക്കോടിന്റെ കൂടി ചുമതല വഹിക്കുന്ന എസ്.പി. പി.ബി. രാജീവിന്റെ നേതൃത്വത്തിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം.