പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ എം. പിമാരുടെ യോഗം ചേർന്നു. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തേണ്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ സന്നിഹിതനായിരുന്നു.
റെയിൽവേയുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന അവഗണന സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തും. തലശേരി, െൈമസൂർ റെയിൽവേ ലൈൻ അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തുക, റാപിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ആറ് ട്രെയിനുകൾ തിരുവനന്തപുരം, ചെങ്ങന്നൂർ റൂട്ടിൽ രാവിലെയും വൈകിട്ടും അനുവദിക്കുക, അങ്കമാലി, ശബരി റെയിൽ ലൈനിന്റെ പണി നൂറു ശതമാനം കേന്ദ്ര ഫണ്ടിംഗോടെ നടപ്പാക്കുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ബാലരാമപുരത്തു നിന്നുള്ള റെയിൽലൈനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ലൈനും സംയുക്ത സംരംഭമായി തുടങ്ങുന്നതിന് ആവശ്യമായ തീരുമാനം, ഗുരുവായൂർ, തിരുനാവായ ലൈൻ പൂർത്തിയാക്കുന്നതിന് ആവശ്യമായ ബഡ്ജറ്റ് വിഹിതം ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് എം. പിമാർക്ക് മുന്നിൽ സർക്കാർ അവതരിപ്പിച്ചത്.
വിദേശ ട്രോളറുകൾ രാജ്യത്തിന് നികുതി നഷ്ടം ഉണ്ടാക്കും വിധം പ്രവർത്തിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൂടി ഉണ്ടാവണമെന്ന് എം. പിമാർ നിർദ്ദേശിച്ചു. ചെറു മത്‌സ്യങ്ങളെ പിടിക്കുന്നത് സംബന്ധിച്ച് ദേശീയ തലത്തിൽ തീരുമാനമുണ്ടാവണം. സംസ്ഥാനങ്ങളുടെ സമുദ്രാധികാര പരിധി 12 നോട്ടിക്കൽ മൈലിൽ നിന്ന് 36 നോട്ടിക്കൽ മൈൽ ആക്കണമെന്ന് കേരളം ആവശ്യപ്പെടും. മത്‌സ്യബന്ധന ബോട്ടുകൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചുള്ള ഭക്ഷ്യധാന്യ വിഹിതം വർദ്ധിപ്പിക്കണം, മുൻഗണനാ വിഭാഗത്തിലുള്ളവർക്കു കൂടി നൽകുന്നതിന് പഞ്ചസാര അനുവദിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മുന്നോട്ടുവച്ചത്. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ വിവിധ പദ്ധതികൾക്ക് കേന്ദ്ര സഹായം തേടുന്നതിനും നിർദ്ദേശമുണ്ടായി.
ഹിൽഹൈവേ പദ്ധതിക്കായി വന ഭൂമി ലഭ്യമാക്കുക, വിവിധ ബൈപ്പാസുകൾക്ക് കേന്ദ്ര സഹായം തേടുക, വിഴിഞ്ഞം പോർട്ട് തിരുവനന്തപുരം കാട്ടാക്കട അംബാസമുദ്രം റോഡിന് അനുമതിയ്ക്കുള്ള സഹായം എന്നിവയായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ആവശ്യങ്ങൾ. കേരളത്തിന് എയിംസ്, മലബാർ കാൻസർ സെന്ററിന് പരിഗണന, തൃശൂർ മെഡിക്കൽ കോളേജിൽ മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റ്, പാര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ആയുർവേദത്തിന് അന്തർദ്ദേശീയ ഗവേഷണ കേന്ദ്രം എന്നിവയ്ക്കാണ് ആരോഗ്യവകുപ്പ് സഹായം തേടിയത്. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനെ പൊതുമേഖലയിൽ നിലനിർത്തുന്നതിന് കേന്ദ്രത്തിൽ സമ്മർദ്ദേ ചെലുത്താൻ വ്യവസായ വകുപ്പ് സഹായം തേടി. മിനി വൈദ്യുതി പദ്ധതികൾക്കും കാറ്റാടി പദ്ധതികൾക്കും കേരളം പ്രാധാന്യം നൽകണമെന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. ഫ്‌ളോട്ടിംഗ് സോളാർ പാനലുകളും പരിഗണിക്കണം.
ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ തുക വെട്ടിക്കുറിച്ചതിനാൽ 100 ലധികം പദ്ധതികൾ മുടങ്ങിയിരിക്കുകയാണ്. ഈ വിഷയത്തിൽ എം. പിമാർ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ ആവശ്യം. മറ്റു വകുപ്പുകളുടെ വിവിധ ആവശ്യങ്ങളും എം. പിമാർക്കു മുന്നിൽ അവതരിപ്പിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, വി. എസ്. സുനിൽകുമാർ, കെ. രാജു, കെ. ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപള്ളി, ഡോ. തോമസ് ഐസക്ക്, കെ. കെ. ശൈലജ ടീച്ചർ, പി. തിലോത്തമൻ, മാത്യു ടി. തോമസ്, ജി. സുധാകരൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, എം. പിമാരായ എ. സമ്പത്ത്, എം. ബി രാജേഷ്, പി. കെ. ബിജു, ജോയ്‌സ് ജോർജ്, പി. കരുണാകരൻ, പി. കെ. ശ്രീമതി, കെ. സോമപ്രസാദ്, കെ. കെ. രാഗേഷ്, സി. എൻ. ജയദേവൻ, എം. കെ. രാഘവൻ, അബ്ദുൾ വഹാബ്, സി. പി. നാരായണൻ, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.