ശബരിമല: ശബരിമലനട അടച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണ്. ശബരിമലനട മണ്ഡലപൂജക്ക് ശേഷം ഡിസംബർ 26ന് രാത്രി പത്തിന് മാത്രമേ അടയ്ക്കു. തുടർന്ന് മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും. ശബരിമലനട അടച്ചിരിക്കുന്നതായി തമിഴ്‌നാട്ടിലും മറ്റും സോഷ്യൽമീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് പന്തളം വലിയ കോയിക്കൽ ശാസ്താക്ഷേത്രം ഡിസംബർ അഞ്ചുവരെ അടച്ചിരിക്കുകയാണ്. ഡിസംബർ ആറിന് ശുദ്ധികലശത്തിന് ശേഷം മാത്രമേ പന്തളം വലിയ കോയിക്കൽ ശാസ്താക്ഷേത്രം തുറക്കുകയുള്ളു. പന്തളം വലിയ കോയിക്കൽ ശാസ്താക്ഷേത്രം അടച്ച വാർത്തയാണ് ശബരിമല ക്ഷേത്രം അടച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്ന് ദേവസ്വംബോർഡ് അധികൃതർ അറിയിച്ചു.